ദുബായ്: യു.എ.ഇയിലെ ബഡ്ജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് തങ്ങളുടെ ആദ്യത്തെ ഷെഡ്യൂള്‍ഡ് കൊമേഴ്ഷ്യല്‍ സര്‍വീസ് ഇസ്രയേലിലെ ടെല്‍ അവീവ് നഗരത്തിലേക്ക് ആരംഭിച്ചു. രണ്ട് നഗരങ്ങള്‍ക്കിടയിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് സര്‍വീസാണിത്. യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയതിനെ തുടര്‍ന്നാണിത്. നാലുമണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷമാണ് വിമാനം യുഎഇയില്‍ നിന്ന് ടെല്‍അവീവിലേക്ക് എത്തിച്ചേര്‍ന്നത്.

ഉദ്ഘാടന വിമാനത്തിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വരവേറ്റെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബെന്‍ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആദ്യത്തെ ഫ്‌ളൈദുബായുടെ ആദ്യ വാണിജ്യ വിമാനം ലാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ഇസ്രയേലും തമ്മില്‍ സുപ്രധാന കരാര്‍ ഒപ്പിട്ടിരുന്നു. ഇങ്ങനെ ഒരു കരാര്‍ ഒപ്പിടുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അന്ന് തീരുമാനിച്ചത്.

അതേസമയം, ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ ആരംഭം സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഫ്‌ലൈദുബായ് സിഇഒ ഗെയ്ത്ത് അല്‍ഗെയ്ത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സഹകരണ ഉടമ്പടി ഒപ്പുവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമഫലമായിട്ടാണ് കരാര്‍ സാധ്യമായത്.
അതേസമയം, യുഎഇഇ-സ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ കരുതിയിരുന്നു. 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുകയാണ് ഒമാന്റെ പതിവ്.