മനാമ: ബഹ്‌റൈനില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ അടിച്ചുകൊലപ്പെടുത്തിയ 50കാരനായ പ്രതിക്ക് 15 വര്‍ഷം തടവുശിക്ഷ. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച 61കാരനായ കൂട്ടുപ്രതിക്ക് ബഹ്‌റൈന്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി മൂന്നുമാസത്തെ ജയില്‍ശിക്ഷയും വിധിച്ചു. സെഗയ്യയിലെ ഒരു ഫാമില്‍ ജൂലൈ 14നായിരുന്നു കേസിനാസ്പദമായ സംഭവം.

മദ്യപിക്കുന്നതിനിടെ പ്രതികളിലൊരാളും കൊല്ലപ്പെട്ട 42കാരനായ സുഹൃത്തുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ മുഖ്യപ്രതി യുവാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ കൂട്ടുപ്രതി ഇയാളെ സഹായിച്ചു. ഫാമില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് രണ്ടു മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അല്‍ മനാമ പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടര്‍ അബ്ദുല്ല അല്‍ ബങ്കി വ്യക്തമാക്കി.