മനാമ: ബഹ്‌റൈനില്‍ ഗ്രാന്‍ഡ് പ്രിക്‌സിനിടെ കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് പൂര്‍ണമായും കത്തി നശിച്ചു. ഫ്രഞ്ച് െ്രെഡവര്‍ റോമെയ്ന്‍ ഗ്രോസ്ജിയന്റെ കാറാണ് നിയന്ത്രണം വിട്ട് രണ്ടായി പിളര്‍ന്ന് കത്തിയത്. ഇദ്ദേഹത്തിന് പരുക്കേറ്റിട്ടുണ്ടെന്നും ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ച് കയറുകയാണുണ്ടായത്. ഇന്ധന ടാങ്കിന് തീപിടിച്ചു. മത്സരം ആരംഭിച്ച് മൂന്ന് ടേണ്‍ പൂര്‍ത്തിയായതിന് ശേഷമായിരുന്നു അപകടം സംഭവിച്ചത്. വാഹനം കത്തിയതോടെ റോമെയ്ന്‍ ഗ്രോസ്ജീന്‍ വാഹനത്തില്‍ നിന്നും പുറത്ത് ചാടിയതിനാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് സഖീറിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുന്നു മത്സരങ്ങള്‍.

ഉടന്‍ തന്നെ ഫോര്‍മുല മാര്‍ഷലുകളും സുരക്ഷാ ഉദ്യോഗസ്ഥരും തീ അണച്ച് ഗ്രോസ്ജിന് പ്രാഥമിക ചികിത്സ നല്‍കി തുടര്‍ ചികിത്സക്കായി എംഡിഎഫ് എംസി മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അപകട നില തരണം ചെയ്തതായും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. 2009 ല്‍ ഫോര്‍മുല വണ്ണിലാണ് റോമെയ്ന്‍ ഗ്രോസ്ജീന്‍ അരങ്ങേറ്റം കുറിച്ചത്. 34 കാരനായ അദ്ദേഹം തന്റെ കരിയറില്‍ 10 പോഡിയം ഫിനിഷുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.