ദുബായ്: യമനില്‍ ഹൂത്തികള്‍ തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മോചിതരായി. ഒമ്പത് മാസത്തിന് ശേഷമാണ് മോചനം. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇടപെടലാണ് അവസാനം ഗുണം ചെയ്തത് എന്നാണ് വിവരം. എംപിമാര്‍, സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍, നോര്‍ക്ക എന്നിവര്‍ക്ക് മലയാളികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പത്ത് ദിവസത്തിനകം നാട്ടിലെത്താന്‍ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഹൂത്തികള്‍ പിടികൂടിയത്. ഒമാനില്‍ നിന്ന് മൂന്ന് ചെറു കപ്പലുകളിലായി സൗദിയിലേക്ക് തിരിച്ചതായിരുന്നു സംഘം. യാത്രാ മധ്യേ ഒരു കപ്പല്‍ കാറ്റില്‍ തകര്‍ന്നു. ഇതിലുണ്ടായിരുന്നവരെ മറ്റു കപ്പലുകളില്‍ കയറ്റി യാത്ര തുടരവെയാണ് ആയുധ ധാരികള്‍ പിടികൂടിയത്. തുടര്‍ന്ന് യമനിലെ സന്‍ആയിലുള്ള ഹോട്ടലിലെത്തിച്ചു. അപ്പോഴാണ് ഹൂത്തികളുടെ പിടിയിലായി എന്ന വിവരം സംഘം അറിഞ്ഞത്.

ഏതാനും ഹോട്ടല്‍ മുറികളിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. നാട്ടിലേക്ക് വിളിച്ചു അറിയിക്കാന്‍ ഫോണ്‍ നല്‍കി. തുടര്‍ന്ന് ബന്ദികള്‍ നാട്ടിലേക്ക് വിളിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ബന്ധുക്കള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ നല്‍കി. ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസി ഇടപെട്ടു. ഒമ്പത് മാസത്തിന് ശേഷമാണ് മോചനം സാധ്യമായത്.
ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു തുര്‍ക്കിക്കാരനും ബാക്കി ബംഗ്ലാദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ വിട്ടയച്ചെങ്കിലും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നല്‍കിയിട്ടില്ല. താല്‍ക്കാലിക പാസ്‌പോര്‍ട്ടില്‍ നാട്ടിലെത്തിക്കുമെന്നാണ് വിവരം. പത്ത് ദിവസത്തിനകം നാട്ടിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് മോചിതരായ വടകര സ്വദേശി പ്രവീണും തിരുവനന്തപുരം സ്വദേശി മുസ്തഫയും നാട്ടിലുള്ളവരെ അറിയിച്ചത്. പ്രവീണ്‍ ഒരു കപ്പലിന്റെ ക്യാപ്റ്റനായിരുന്നു. ഹൂത്തികളുടെ തടവിലായിരുന്നു എങ്കിലും ഇവര്‍ക്ക് ഇടയ്ക്ക് നാട്ടിലുള്ളവരുമായി ബന്ധപ്പെടാന്‍ അവസരം നല്‍കിയിരുന്നു.
യമനിലെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഷിയാ വിഭാഗക്കാരാണ് ഹൂത്തികള്‍. 2015ലാണ് ഇവര്‍ യമനിന്റെ അധികാരം പിടിച്ചത്. ഇവര്‍ക്കെതിരെ യുദ്ധം തുടരുകയാണ് സൗദി സഖ്യസേന. അഞ്ച് വര്‍ഷമായി തുടരുന്ന യുദ്ധം ഇപ്പോഴും തുടരുകയാണ്. ഹൂത്തികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട് എന്നാണ് സൗദിയുടെ ആരോപണം.