ദുബായ്: വിസ അനുവദിക്കുന്നതില്‍ അപ്രതീക്ഷിത നീക്കവുമായി യു.എ.ഇ. 12 രാജ്യങ്ങള്‍ക്ക് പുതിയ വിസകള്‍ ഇനി അനുവദിക്കേണ്ട എന്ന് തീരുമാനം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണോ ഈ തീരുമാനം എടുത്തത് എന്ന് വ്യക്തമല്ല. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് പുതിയ വിസ അനുവദിക്കാത്ത പട്ടികയിലുള്ളത്.

യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പാകിസ്താന്‍ ശ്രമിച്ചുവരികയാണ്. ഇതുവരെ അനുവദിച്ച വിസകള്‍ക്ക് തടസമുണ്ടാകില്ലെന്നു പാകിസ്താന്‍ വിദേശകാര്യ ഓഫീസ് അറിയിച്ചു. ഏതൊക്കെയാണ് യുഎഇ വിസാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍… അറിയാം കൂടുതല്‍ വിവരങ്ങള്‍…

താല്‍ക്കാലികമായിട്ടാണ് യുഎഇ വിസാ നിരോധനം ഏര്‍പ്പെടുത്തിയത് എന്ന് കരുതുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ അനുവദിക്കില്ല എന്നാണ് പാകിസ്താനിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. കൊറോണ വ്യാപന സാധ്യത യുഎഇ മുന്‍കൂട്ടി കാണുന്നുണ്ട്. ഇതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് വിസാ നിരോധനമെന്ന് കരുതുന്നു.
യുഎഇയില്‍ എത്തുന്നവര്‍ക്ക് പുതിയ ചില നിബന്ധനകള്‍ അടുത്തിടെ നടപ്പാക്കിയിരുന്നു. കൈവശം 2000 ദിര്‍ഹം ആവശ്യമാണ്. അതില്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധ്യമല്ല. ഈ നിയന്ത്രണം വന്നതിന് പിന്നാലെ 100ഓളം പാകിസ്താന്‍കാരെ കഴിഞ്ഞ മാസം യുഎഇയില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
ഏതൊക്കെ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് വിസ ലഭിക്കില്ല എന്ന് വ്യക്തമായിട്ടില്ല. ബിസിനസ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, സ്റ്റുഡന്റ് തുടങ്ങി പല കാറ്റഗറി വിസകള്‍ യുഎഇ അനുവദിക്കാറുണ്ട്. പാകിസ്താന് പുറമെ, തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണ പട്ടികയിലുണ്ട്.
പാകിസ്താനില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ജൂണില്‍ പാകിസ്താനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ പാകിസ്താന്‍കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. നിരോധനം ജൂലൈയില്‍ നീക്കുകയും ചെയ്തിരുന്നു.
യുഎഇയില്‍ ഇടക്കാലത്ത് കൊറോണ രോഗ ബാധയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കേണ്ട എന്ന് തീരുമാനം എടുത്തിരിക്കുന്നത്.