റിയാദ്: രാജ്യത്തെ ആധുനിക വത്ക്കരിക്കുമ്പോഴും അധികാര മോഹിയായി രക്തബന്ധങ്ങള്‍ പോലും മറന്ന് രക്തം ചീന്തി അധികാരം പിടിച്ചെടുത്ത് ചരിത്രപുരുഷന്മാര്‍. എന്നാല്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് സൗദിയില്‍ നിന്ന് പുറത്ത് വരുന്നത്. ധനികരായ സൗദി രാജകുമാരന്മാരെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്ത സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കഥകളാണ് ഞെട്ടലോടെ ലോക രാജ്യങ്ങള്‍ നോക്കികാണുന്നത്. സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെ കൊണ്ടുവരുവാനായിട്ടായിരുന്നത്രെ ഈ പീഡനങ്ങളെല്ലാം.

രാജ്യത്തെ ആധുനിക വത്ക്കരിക്കാന്‍ തുനിഞ്ഞിറങ്ങിയ രാജകുമാരന്‍ പരിധികളില്ലാത്ത അധികാരം കൈക്കലാക്കുവാനായി നടത്തിയ കുത്സിത ശ്രമങ്ങളായിരുന്നു അവയൊക്കെ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ജോട്ടലില്‍ നടന്നത് അഴിമതിക്കെതിരായ കുരിശുയുദ്ധമാണെന്നാണ് സൗദി അറേബ്യയുടെ ഔദ്യോഗിക ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നത്രെ.

മര്‍ദ്ദനത്തിന്റെ രാത്രി എന്ന് ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം പേരിട്ട് വിളിക്കുന്ന ഈ സംഭവത്തില്‍ രാജകുടുംബാംഗങ്ങളും മറ്റു പല ധനികരും ഹോട്ടലില്‍ കണ്ണുകള്‍ മൂടിക്കെട്ടി ചുമരിനോട് ചേര്‍ത്ത് ബന്ധിപ്പിക്കപ്പെട്ടു. പിന്നീട് അവിടെ നടന്നതുകൊടിയ മര്‍ദ്ദനമായിരുന്നത്രെ. മര്‍ദ്ദനത്തിനു പുറമേ, ചിലരുടെ വിവാഹേതര ബന്ധങ്ങളുടെ വിവരങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുവാനും ശ്രമിച്ചു. ചില ബിസിനസ്സുകാരെ ഭീഷണിപ്പെടുത്തിയത് അവരുടെ ബിസിനസ്സില്‍ നടന്ന ചില വഴിവിട്ട ഇടപാടുകളുടെ പേരു പറഞ്ഞാണ്.
പലരോടും മര്‍ദ്ദകര്‍ ആവശ്യപ്പെട്ടിരുന്നത് അവരുടെ സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം തിരികെ കൊണ്ടുവരുവാനായിരുന്നു. ഇതിന്റെ ഫലമായി 107 ബില്ല്യണ്‍ ഡോളര്‍ കള്ളപ്പണം തിരികെ കൊണ്ടുവരാനായി എന്ന് സൗദി അവകാശപ്പെടുന്നുണ്ട്. എന്നാല്‍, വിശ്വസിക്കാവുന്ന ചില സ്രോതസ്സുകള്‍ പറയുന്നത് 28 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് ഇത്തരത്തില്‍ പിടിച്ചെടുക്കാനായത് എന്നാണ്. ചോദ്യം ചെയ്യുവാന്‍ എത്തിയവര്‍ക്ക് ഇത്തരത്തിലുള്ള സമ്ബാദ്യത്തെ കുറിച്ച് കാര്യമായ വിവരമൊന്നും ഇല്ലായിരുന്നതിനാലാണ് ഈ പദ്ധതി വിജയിക്കാതെ പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പതിവില്ലാത്ത ചില അഭ്യര്‍ത്ഥനകള്‍ വന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാങ്കിങ് മേഖലയിലും സംശയമുണര്‍ത്തി. ഇത് അവരെ കൂടുതല്‍ കരുതല്‍ എടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായും, എം ബി എസ്സിന്റെ ആഗ്രഹം പൂര്‍ണ്ണമായും നടക്കാനാകാതെ പോയി. എന്നാല്‍, ഇതിനായി പിടിച്ചുകൊണ്ടുപോയി ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ പലര്‍ക്കും, തങ്ങളെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നോ പീഡിപ്പിക്കുന്നതെന്നോ അറിയില്ലായിരുന്നു. ധനികരാണെന്ന ഒരു കുറ്റം മാത്രമായിരുന്നു അവര്‍ ചെയ്തത്.
ഏകദേശം 381 പേരെയാണ് ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്തത്. ഇതില്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് 80 ദിവസത്തോളം ഈ പഞ്ചനക്ഷത്ര തടവറയില്‍ കഴിയേണ്ടതായി വന്നു. അതുപോലെ 1 ബില്ല്യണ്‍ ഡോളര്‍ നല്‍കിയതിനു ശേഷമാണ് നാഷണല്‍ ഗാര്‍ഡ് ചീഫ് മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരന്‍ മോചിക്കപ്പെട്ടത്. ചോദ്യം ചെയ്യുന്നതിനു മുന്‍പായി, അവരില്‍ ഭയം വിതയ്ക്കാനായിട്ടായിരുന്നു ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടിരുന്നത്. ഈ മര്‍ദ്ദന പരമ്ബരകള്‍ അരങ്ങേറുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമായിരുന്നു ഹോട്ടല്‍ റിറ്റ്‌സ് അമേരിക്കന്‍ പ്രസിഡണ്ടിന് ആഥിതേയത്തം വഹിച്ചത്.
പെട്രോ ഡോളറിനെ മാത്രം ആശ്രയിക്കുന്ന അവസ്ഥയില്‍ നിന്നും രാജ്യത്തെ മാറ്റാനും, അതിനോടൊപ്പം ആധുനിക വത്ക്കരണം കൊണ്ടുവരാനും കൂടുതല്‍ അധികാരം ആവശ്യമാണെന്ന എം ബി എസിന്റെ ധാരണയായിരുന്നു ഇത്തരത്തിലുള്ള ഒരു ഓപ്പറേഷന് പുറകില്‍ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യാഥാസ്ഥിക പുരോഹിതരെ അവഗണിച്ച്, സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അവകാശം നല്‍കിയതുള്‍പ്പടെ പല പരിഷ്‌കാരങ്ങളും എം ബി എസ് കൊണ്ടുവന്നിരുന്നു.