മനാമ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ നിർമ്മിക്കുന്ന ഓക്സ്ഫോർഡ് / അസ്ട്രാസെനെക കോവിഡ് -19 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബഹ്‌റൈൻ. ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയാണ് വാക്‌സിന് അനുമതി നൽകിയത്. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യ മന്ത്രാലയം നിർണ്ണയിക്കുന്ന ദുർബല ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകാൻ സാധ്യത കൂടുതലുള്ളവർ എന്നിവർക്കാണ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി നൽകിയത്.

എൻഎച്ച്‌ആർഎയുടെ ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെ രോഗപ്രതിരോധ സമിതിയുടെയും പങ്കാളിത്തത്തോടെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്‌ആർഎ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നിർമ്മിത വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത്. ഓക്സ്ഫോർഡ് / അസ്ട്രാസെനെക ഉപയോഗിച്ച നിരവധി രാജ്യങ്ങളിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളും വിവരങ്ങളും പരിഗണിക്കുന്നതോടൊപ്പം, ഉൽപ്പാദന പ്രക്രിയകളും ബാച്ച് വിശകലനങ്ങളും ഉൾക്കൊള്ളുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പങ്കുവെച്ച വിവരങ്ങളും വിശദമായ പരിശോധനക്ക് വിധേയമായി.

28 ദിവസങ്ങൾക്കുള്ളിൽ രണ്ട് ജാബുകളിലാണ് വാക്സിൻ നൽകുന്നത്. രണ്ടാമത്തെ ഡോസിന് ശേഷം ഫലപ്രാപ്തി 70.42% ൽ എത്തുമെന്ന് അസ്ട്രാസെനെക പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സിനോഫാർമിനും ഫൈസർ-ബയോ എൻ ടെക്കിനും ശേഷം ബഹ്‌റൈനിൽ അടിയന്തര ഉപയോഗത്തിനായി അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഓക്‌സ്‌ഫോർഡ് / അസ്ട്രസെനെക്കയിൽ നിന്നുള്ള ‘കോവിഷീൽഡ്’.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബഹ്‌റൈൻ രാജ്യത്ത് മരുന്നുകളുടെയും വാക്സിനുകളുടെയും നിർമ്മാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച മറ്റ് പ്രധാന വാക്സിനുകളായ ബിസിജി, ഹെപ്പറ്റൈറ്റിസ്, മീസിൽസ്, പോളിയോ, ഇൻഫ്ലുവൻസ വാക്സിനുകൾ എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്.