മനാമ: സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സിഡബ്ല്യു) ബഹ്‌റൈൻ വനിതാദിനം ആഘോഷിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് ബഹ്റൈന്‍ വനിതദിനമായി ആചരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് നയതന്ത്ര മേഖലയിലെ സ്ത്രീകളെ പ്രത്യേകമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള ആഘോഷങ്ങളാണ് നടന്നത്. അതോടൊപ്പം എല്ലാ മേഖലകളിലെയും ബഹ്‌റൈൻ സ്ത്രീകളുടെ മികച്ച നേട്ടങ്ങളും ആഘോഷിച്ചു.

രാജപത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സിഡബ്ല്യു) പ്രസിഡന്റുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ സമൂഹത്തിലും ദേശീയ കാര്യങ്ങളിലും സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളുടെ റെക്കോർഡും ഉയർത്തിക്കാട്ടി. 2001 ൽ സുപ്രീം കൗൺസിൽ ഫോർ വിമൻ സ്ഥാപിതമായതു മുതൽ കൗൺസിലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ അന്തരിച്ച രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അവർ അനുസ്മരിച്ചു.

സുപ്രീം കൗൺസിൽ ഫോർ വിമൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നയതന്ത്രത്തിൽ ഉന്നത നേതൃസ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞ നയതന്ത്ര വനിതകളോട് പ്രിന്‍സസ് സബീക്ക അഭിനന്ദനം അറിയിച്ചു.