ദുബായ്: ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ശനിയാഴ്ച നടന്ന ഒരു മീറ്റിംഗിന് ശേഷം പുതുവത്സരാഘോഷത്തിനുള്ള മുൻകരുതൽ നടപടികൾക്ക് അംഗീകാരം നൽകി. ശരിയായ സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ സ്വകാര്യ സാമൂഹിക, കുടുംബ സംഗമങ്ങൾ നടത്തുവാൻ പാടുള്ളു. 30 പേരിൽ കൂടുതൽ ഒത്തുചേരുവാനും പാടില്ല. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഒത്തുചേരലിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കുറഞ്ഞത് 4 ചതുരശ്ര മീറ്റർ വേദിയിൽ സ്ഥലം ഉണ്ടായിരിക്കണം.

അധികൃതർ പരിശോധന നടത്തി ലംഘനം നടത്തുന്നവർക്ക് കനത്ത പിഴയും പരിപാടിയുടെ ആതിഥേയന് 50,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15,000 ദിർഹവും പിഴ ഈടാക്കും. പ്രായമായവരും വിട്ടുമാറാത്ത അസുഖമുള്ളവരും പനി, ചുമ എന്നിവയുള്ളവരും പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണം. പങ്കെടുക്കുന്നവർ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
