മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കായി എല്ലാ സജ്ജീകരണങ്ങളും ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ പൂർത്തിയായി. “മിഡിൽ ഈസ്റ്റിലെ മോട്ടോർസ്പോർട്ടിന്റെ ഹോം” ആയ സഖീറിൽ വെള്ളിയാഴ്ച (നവംബർ 27)യാണ് റേസിംഗ് ആരംഭിക്കുന്നത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന എഫ് 1 റേസിംഗിൽ 90 മിനിറ്റ് പ്രാക്ടീസ് സെഷനുകൾ യഥാക്രമം ഉച്ചയ്ക്ക് 2 നും 6 നും നടക്കും. മൂന്നാമത്തെ 60 മിനിറ്റ് പ്രാക്ടീസ് ശനിയാഴ്ച (നവംബർ 28) ഉച്ചയ്ക്ക് 2 മണിക്കും തുടർന്ന് യോഗ്യത മത്സരം 5 മണിക്കും നടക്കും. ഞായറാഴ്ച (നവംബർ 29) വൈകുന്നേരം 5.10 ന് 57-ലാപ്പ് ഫൈനൽ മത്സരം നടക്കും.

17 റൗണ്ടുകളുള്ള ഈ വർഷത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ 15-ാം റൗണ്ടാണ് ബഹ്‌റൈൻ ഗ്രാൻഡ് പ്രീ. ഇത്തവണ ഇരട്ട-തലക്കെട്ടിലാണ് മത്സരങ്ങൾ നടക്കുന്നത് . രാജ്യത്ത് ഇത് ആദ്യമായാണ് രണ്ടു ശീർഷകത്തിൽ മത്സരങ്ങൾ നടക്കുന്നത്.
ഡിസംബർ 4 മുതൽ 6 വരെ റോളക്സ് സഖീർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ നടക്കും. ഈ സീസണിലെ ഏറ്റവും ഉയർന്ന ലാപ് എണ്ണമായ 87 ലാപ്‌സ് സഖീർ ഗ്രാൻഡ് പ്രീയിൽ അവതരിപ്പിക്കും. യുവജന-കായിക കാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിക്കുന്ന എല്ലാ മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും മത്സരം നടക്കുക.
ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ, ഫോർമുല വൺ റോളക്സ് സഖീർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് അനുമതിയില്ല.എന്നാൽ കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ പ്രവൃത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.