ദമാം: ഖത്തറിനെതിരേ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്ന കരാറിൽ സൗദിയും യുഎഇയും ബഹ്‌റൈനും ഒമാനും ഒപ്പുവച്ചു. സൗദി അറേബ്യയിലെ ഉൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിലായിരുന്നു കരാർ. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അൽ ഉല പ്രഖ്യാപനത്തിൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, കുവൈത്ത് അമീർ ശെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, ബഹ്‌റയ്ൻ കിരീടാവകാശി സൽമാൻ ഹമദ് അൽ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്, ഒമാൻ ഉപപ്രധാന മന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് എന്നിവരാണ് ഒപ്പുവച്ചത്. മേഖലയിലെ ഐക്യവും സ്ഥിരതയും ഉറപ്പുവരുത്തുന്നതാണ് കരാറെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഇതിന് മധ്യസ്ഥത വഹിച്ച അമേരിക്കയ്ക്കും കുവൈത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
