ദോഹ: ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ബ്രാഞ്ചുകള്‍ തുറക്കുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസ്സന്‍ റാഷിദ് അല്‍ ദിര്‍ഹം അറിയിച്ചു. യൂണിവേഴ്സിറ്റി നോളജ് ഗ്രൂപ്പ് സ്ഥാപിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി കണ്‍സള്‍ട്ടന്‍സി ഓഫിസ് തുറക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 മുതല്‍ 2022വരെയുള്ള യൂനിവേഴ്സിറ്റിയുടെ നയനിലപാടുകളും ഭാവി പദ്ധതികളും വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അല്‍ ദിര്‍ഹം. യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്കിടയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കേണ്ട കാര്യം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ഖത്തരി പ്രൊഫസര്‍മാരുടെ എണ്ണവും മറ്റു ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും യോഗം ശുപാര്‍ശ ചെയ്തു.
