മനാമ: ഇന്ന് മുതൽ ബഹ്‌റൈനിലേക്ക് വരുന്ന എല്ലാ പൗരന്മാരുടേയും താമസക്കാരുടേയും സന്ദർശകരുടേയും ഉൾപ്പെടെ കോവിഡ് പരിശോധനകളുടെ ചിലവ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. പരിശോധന ഫീസ് 60 ബഹ്‌റൈൻ ദിനാറിൽ നിന്നും 40 ബഹ്‌റൈൻ ദിനാറായിട്ടാണ് കുറിച്ചിരിക്കുന്നത്.

സന്ദർശകർ ബഹ്‌റൈനിൽ എത്തിച്ചേരുമ്പോഴുള്ള പിസിആർ പരിശോധനയും ബഹ്‌റൈനിൽ എത്തുന്ന പത്താം ദിവസം നടത്തേണ്ട പരിശോധനയും ഉൾപ്പെടെയാണ് 40 ദിനാർ ഫീസ് ഈടാക്കുന്നത്. പത്ത് ദിവസത്തിൽ കൂടുതൽ ബഹ്‌റൈനിൽ താമസിക്കുന്നവരാണെങ്കിൽ താമസിക്കുന്നതിന്റെ പത്താം ദിവസം രണ്ടാമത്തെ പിസിആർ പരിശോധന നടത്തണം. രണ്ടാമത്തെ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ, രാജ്യത്ത് എത്തുമ്പോൾ നൽകിയ നമ്പർ ഉപയോഗിച്ച് ആരോഗ്യ മന്ത്രാലയം ഈ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെടും.

രാജ്യത്തെത്തുന്നവർ ‘ബിഅവെയർ ബഹ്‌റൈൻ’ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നതുൾപ്പെടെ മുമ്പ് പ്രഖ്യാപിച്ച മുൻകരുതൽ നടപടികളെല്ലാം തുടർന്നും പിന്തുടരണം. പിസിആർ പരിശോധനാ ചെലവ് കുറയ്ക്കുന്നത് ഇന്ന് (ഡിസംബർ 01) മുതൽ പ്രാബല്യത്തിൽ വന്നു.