റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് സൗദി കിരീടാവകാശി ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നവംബർ 15,16 തീയതികളിൽ ഇൻഡോനേഷ്യയിൽ വെച്ച് ജി-20 ഉച്ചകോടി നടക്കും. ഇതിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. ഇന്തോനേഷ്യയിലെക്കുള്ള യാത്രക്കിടെ മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനായി അടുത്ത മാസം 14ന് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തും. മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടക്കുക. കൂടിക്കാഴ്ചക്ക് ശേഷം സൗദി കിരീടാവകാശിയും നരേന്ദ്ര മോദിയും ഉച്ചകോടിക്കായി ബാലിയിലേക്ക് പോകും.

അതിനിടെ, അൾജീരിയയിൽ നടക്കുന്ന അറബ് ലീഗ് സമ്മേളനത്തിൽ സൗദി കിരീടാവകാശി പങ്കെടുത്തേക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് യാത്രകൾ ഒഴിവാക്കാൻ മുഹമ്മദ് ബിൻ സൽമാന് ഡോക്ടർമാർ നിർദേശം നൽകിയതായാണ് സൂചന. മുഹമ്മദ് ബിൻ സൽമാന് എന്താണ് രോഗമെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. കൊവിഡിന് ശേഷം ആദ്യമായി മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ ഒരുമിക്കുന്ന യോഗമാണ് അറബ് ലീഗ്. യോഗത്തിൽ പങ്കുചേരേണ്ട പ്രധാനനേതാക്കളിൽ ഒരാളായ സൗദി കിരീടാവകാശി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.