അബുദാബി: രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജനുവരി മുതൽ പിഴ ഈടാക്കുമെന്ന് യു.എ.ഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

2026ഓടെ 10 ശതമാനം ആക്കി വർധിപ്പിക്കാനും നിർദേശമുണ്ട്. കൂടാതെ നിയമം ലംഘിക്കുന്ന കമ്പനികൾ ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം കണക്കാക്കി വർഷത്തിൽ 72,000 ദിർഹം പിഴ ഒടുക്കണം. അതേസമയം സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് ഇളവുകളും അധികാരികൾ നൽകുന്നുണ്ട്. സ്വദേശിവത്കരണത്തിന്റെ തോത് അനുസരിച്ച് തൊഴിലാളി വർക്ക് പെർമിറ്റ് ഫീസിൽ വലിയ ഇളവുകളുണ്ട്. കൂടാതെ കമ്പനികളെ വിവിധ തലങ്ങളിലേക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യും.

ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽകണം കർശനമാക്കുന്നത് പ്രവാസി ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.