നമ്മള്‍ കോവിഡ് ബാധിതരാണോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ട, മിനിട്ടുകള്‍ മതി. അതെ, ഇന്ത്യയിലെ ആദ്യ പേപ്പര്‍ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. കുറഞ്ഞ ചെലവില്‍ കോവിഡ് പരിശോധന നടത്താന്‍ സഹായകമാകുന്നതാണ് ‘ഫെലൂദ’ എന്നു പേരുനല്‍കിയ ഈ പരിശോധന.

ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (സി.എസ്.ഐ.ആര്‍) രണ്ട് ബംഗാളി ശാസ്ത്രജ്ഞരായ ഡോ. സൗവിക് മായിതിയും ഡോ. ദേബജ്യോതി ചക്രബര്‍ത്തിയുമാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.

FNCAS9 Editor Linked Uniform Detection Assay എന്നതിന്റെ ചുരുക്ക രൂപമാണ് ഫെലൂദ. പ്രശസ്ത ബംഗാളി എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ സത്യജിത് റേയുടെ നോവലുകളിലൂടെ ജനപ്രിയനായ ബംഗാളി ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് ‘ഫെലൂദ’. 30 മിനിറ്റിനുള്ളില്‍ കോവിഡ് 19 കണ്ടെത്തുന്നതിനുള്ള കൃത്യവും വിലകുറഞ്ഞതുമായ പേപ്പര്‍ അധിഷ്ഠിത ടെസ്റ്റ് സ്ട്രിപ്പാണിത്. ഇതിന്റെ വാണിജ്യപരമായ സമാരംഭത്തിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയത്. നിലവിലുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ കൃത്യതയോടെ തന്നെ ടാറ്റാ സി.ആര്‍.ഐ.എസ്.പി.ആര്‍ ടെസ്റ്റ് വഴി കോവിഡ് പരിശോധന നടത്താന്‍ സാധിക്കും. ടാറ്റയും സി.എസ്.ഐ.ആര്‍.ഐ.ജി.ബിയും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ നൂതന പരിശോധനാ സംവിധാനം.
ക്ലസ്‌റ്റേര്‍ഡ് റെഗുലേര്‍ലി ഇന്റര്‍സ്‌പേസ്ഡ് ഷോര്‍ട്ട് പലിന്‍ഡ്രോമിക് റിപ്പീറ്റ്‌സ് (CRISPR) എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ടെസ്റ്റാണ് ഫെലൂദ. രോഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണിത്. ഡി.എന്‍.എ സീക്വന്‍സുകള്‍ എളുപ്പത്തില്‍ മാറ്റാനും ജീന്‍ പ്രവര്‍ത്തനം പരിഷ്‌കരിക്കാനും ഇത് ഗവേഷകരെ സഹായിക്കുന്നു. മാത്രമല്ല, ഭാവിയില്‍ മറ്റ് ഒന്നിലധികം രോഗകാരികളെ കണ്ടെത്തുന്നതിനും ഇഞകടജഞ സാങ്കേതികവിദ്യ ക്രമീകരിക്കാം.
ടാറ്റയുടെ അഭിപ്രായത്തില്‍, ക്ലസ്‌റ്റേര്‍ഡ് റെഗുലര്‍ ഇന്റര്‍സ്‌പേസ്ഡ് ഷോര്‍ട്ട് പലിന്‍ഡ്രോമിക് റിപ്പീറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് 96 ശതമാനം കൃത്യതയും കൊറോണ വൈറസ് കണ്ടെത്തുന്നതില്‍ 98 ശതമാനം കൃത്യതയുമുണ്ട്.
കൊറോണ വൈറസ് വിജയകരമായി കണ്ടെത്തുന്നതിന് പ്രത്യേകമായി പൊരുത്തപ്പെടുന്ന കാസ് 9 പ്രോട്ടീന്‍ വിന്യസിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡയഗ്‌നോസ്റ്റിക് പരിശോധന കൂടിയാണ് ഫെലൂദ. പ്രത്യേക പരിശീലനങ്ങല്‍ ഒന്നുമില്ലാതെ ആര്‍ക്കും എളുപ്പത്തില്‍ ഈ സ്ട്രിപ്പ് കിറ്റ് ഉപയോഗിക്കാവുന്നതാണ്. ഫെലൂഡ ടെസ്റ്റ് ഒരു പ്രെഗ്‌നന്‍സി ടെസ്റ്റ് സ്ട്രിപ്പിന് സമാനമാണ്. വൈറസ് കണ്ടെത്തിയാല്‍ ഈ സ്ട്രിപ്പ് നിറം മാറ്റുകയും ചെയ്യുന്നു. ഇതിലൂടെ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 10 ലക്ഷം ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പരിശോധനയുടെ ചെലവ് കുറയ്ക്കുന്നതിന് ഈ പരിശോധന സഹായിക്കും. നിലവില്‍ ഉപയോഗിക്കുന്ന തത്സമയ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റിന് (ആര്‍.ടി.പി.സി.ആര്‍) ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ ആവശ്യമാണ്. കൂടാതെ സ്വകാര്യ ലാബുകളില്‍ ടെസ്റ്റിന്റെ വില 4,500 രൂപയാണ്. അതേസമയം ഫെലൂദ ടെസ്റ്റിന് വെറും 500 രൂപയോളം മാത്രമാണ് ചെലവാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.