ന്യൂയോര്‍ക്ക്: കോവിഡില്‍ പകച്ച് ലോകം നില്‍ക്കുമ്പോള്‍ ഇരുട്ടടിയായി വീണ്ടുമൊരു വാര്‍ത്ത കൂടി. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ശാസ്ത്രലോകം കഠിന പ്രയത്‌നത്തിലാണെന്നത് വസ്തതുതയാണ്. എന്നാല്‍ ഈ വാക്‌സിനുകളൊന്നും കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതില്‍ എത്രത്തോളം ഫലവത്താകുമെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടനാ തലവനായ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

പകര്‍ച്ചവ്യാധി തടയാനായി ഫലപ്രദമായ കൊറോണ വൈറസ് വാക്‌സിനായി ലോകം ക്ഷമയോടെ കാത്തിരിക്കുന്ന സമയത്താണ് ഏവരെയും ആശങ്കയിലാഴ്ത്തിയുള്ള ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) മേധാവിയുടെ ഈ പ്രസ്താവന. ഇപ്പോഴുള്ള വാക്‌സിനുകളില്‍ സംശയം പ്രകടിപ്പിച്ച അദ്ദേഹം എന്നാല്‍ ഭാവിയില്‍ ഒരു വാക്‌സിന്‍ തീര്‍ച്ചയായും ഫലപ്രമാകുമെന്നും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കോവിഡ് 19 പ്രതിരോധിക്കാനായി നിലവില്‍ 200ഓളം വാക്‌സിനുകള്‍ ക്ലിനിക്കല്‍, പ്രീക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. ഇപ്പോഴുള്ള വാക്‌സിനുകളില്‍ ചിലത് പരാജയപ്പെടുമെന്നും ചിലത് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വാക്‌സിന്‍ അലയന്‍സ് ഗ്രൂപ്പായ ഗാവി, കോയിലീഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പയേഡ്‌നസ് ഇന്നൊവേഷന്‍സ്(സി.പി.ഐ) എന്നിവയുമായി സഹകരിച്ച് ലോകാരോഗ്യ സംഘടന കോവാക്‌സ്(ഇഛഢഅത) എന്ന പദ്ധതി ആരംഭിച്ചു. കൊറോണ വൈറസ് വാക്‌സിനുകളുടെ വികസനം വേഗത്തിലാക്കുകയും ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായ ഉപയോഗം പ്രാപ്തമാക്കുകയുമാണ് ഈ സഹകരണത്തിന് പിന്നിലെ പ്രാഥമിക അജണ്ട.
വാക്‌സിന്‍ വികസിപ്പിക്കാനുള്ള സാധ്യത വ്യാപിപ്പിക്കാനും ജനങ്ങള്‍ക്ക് ഫലപ്രദമായ വാക്‌സിനുകള്‍ നേരത്തേ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനും കോവാക്‌സ് സംവിധാനം സര്‍ക്കാരുകളെ പ്രാപ്തരാക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലും പ്രധാനമായി, വൈറസിന്റെ സാധ്യമായ ഏറ്റവും വലിയ പ്രത്യാഘാതത്തെ ഒന്നിച്ച് പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങളെ പ്രാപ്തമാക്കുന്ന സംവിധാനമാണ് കോവാക്‌സ്. വൈറസിനെ നിയന്ത്രണത്തിലാക്കാനും ജീവന്‍ രക്ഷിക്കാനും സാമ്പത്തിക വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്താനും വാക്‌സിനുകള്‍ക്കായുള്ള രാഷ്ട്രങ്ങളുടെ ശ്രമം മത്സരമല്ലെന്നും ഉറപ്പാക്കാനും ഈ സൗകര്യം സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ പറഞ്ഞു.
ലോകത്ത് ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്ത് എത്താറായി. രോഗബാധിതരുടെ എണ്ണം 3.25 കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ എന്നിങ്ങനെയാണ് നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ പ്രതിദിനം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 58 ലക്ഷത്തിലധികം വൈറസ് ബാധിതര്‍ നിലവില്‍ ഇന്ത്യയിലുണ്ട്. മരണസംഖ്യ ആണെങ്കില്‍ 92,000 കടന്നു.