THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ആഴക്കടല്‍ കടല്‍ക്കൊള്ള ;മന്ത്രിമാർ മറുപിടി പറയണം -രമേശ് ചെന്നിത്തല

ആഴക്കടല്‍ കടല്‍ക്കൊള്ള ;മന്ത്രിമാർ മറുപിടി പറയണം -രമേശ് ചെന്നിത്തല

തിരുവനന്തപുരം :ആഴക്കടല്‍ കടല്‍ക്കൊള്ള പ്രശ്നത്തില്‍ ഇ.എം.സി.സി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നതെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുര ത്ത് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു .
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്സികുട്ടിയമ്മ, ഇ.പി. ജയരാജൻ എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങൾ പരസ്പരവിരുദ്ധമാണ്. മന്ത്രിമാരും മുഖ്യമന്ത്രിയും ഉരുണ്ടു കളിക്കുമ്പോൾ കേരളത്തിലെ മൽസ്യത്തൊഴിലാളികളെ നിത്യ നരകത്തിലേക്ക് തള്ളിവിടുന്ന തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയാണ്.

പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി കള്ളം മാത്രം പറയുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്. ഞാന്‍ ഈ കടൽകൊള്ള ആദ്യം ഉന്നയിച്ചപ്പോള്‍ ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്നായി. കേരളത്തില്‍വച്ച് ഇവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇ.എം.സി.സി അധികൃതരുമായി ഈ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫോട്ടോ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചര്‍ച്ച ചെയ്തു, എന്നാല്‍ ഈ പദ്ധതി നടപ്പിലാകില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നായി പുതിയവാദം. നാലേക്കര്‍ സ്ഥലം പള്ളിപ്പുറത്ത് അവർക്ക് നല്കിയിട്ടാണ് ഈ പച്ചക്കള്ളം.

മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത് രസകരമായ കാര്യമാണ്. ഇ.എം.സി.സിക്കാരെ പറഞ്ഞുവിട്ടത് പ്രതിപക്ഷ നേതാവ് ആണ് എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വര്‍ഷം മുമ്പ് തന്നെ, അതായത് 2018 ല്‍ ന്യൂയോര്‍ക്കില്‍ മന്ത്രി മേഴ്സികുട്ടിയമ്മയെ കാണാന്‍ ഇ.എം.സി.സിക്കാരെ പ്രതിപക്ഷ നേതാവ് വിമാന ടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ഇ.പി. ജയരാജന്‍ പറയുന്നത്?

ഇ.എം.സി.സിക്കാര്‍ വളരെ രഹസ്യമായി മന്ത്രി ഇ.പി.ജയരാജന് നല്‍കിയ അപേക്ഷ എങ്ങനെ പ്രതിപക്ഷനേതാവിന് കിട്ടി എന്നതിലാണ് മുഖ്യമന്ത്രി ദുരൂഹത കാണുന്നത്. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് കിട്ടേണ്ട രേഖകളെല്ലാം കിട്ടും. മുൻപും കിട്ടിയിട്ടണ്ട്. മന്ത്രി ഇ.പി ജയരാജന്‍ സ്വന്തം ലറ്റര്‍ പാഡില്‍, സ്വന്തം കയ്യക്ഷരത്തില്‍ മരുമകന് ജോലി കൊടുക്കാന്‍ ഇറക്കിയ ഉത്തരവ് എനിക്ക് കിട്ടിയതും മന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്നതും ഇത്ര പെട്ടെന്ന് മുഖ്യമന്ത്രി മന്നോ ?

സത്യം മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രി കൗശലപൂര്‍വ്വം ഒരു കാര്യം പറയുകയുണ്ടായി. ഈ മാസം 11 ന് ഇ.എം.സി.സി.യുടെ പ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ ചെന്നെന്നും അസന്റില്‍ സമര്‍പ്പിച്ച ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച ഗവേഷണത്തിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.ആഴക്കടലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് ഗവേഷണം നടത്താനല്ല അവര്‍ വന്നത്. മത്സ്യബന്ധനം തന്നെയാണ് പദ്ധതി. ഗവേഷണം എന്ന് വെറുതെ പേരിട്ടിരിക്കുന്നെന്നേയുള്ളൂ. മുഖ്യമന്ത്രി കൗശലപൂര്‍വ്വം അത് ഗവേഷണം മാത്രമാക്കി.

ഇ.പി. ജയരാജന് അവര്‍ നല്കിയ അപേക്ഷയാണ് പ്രതിപക്ഷനേതാവിന് കിട്ടിയതെന്നും അതിലെ വിവരങ്ങളാണ് കരാറെന്ന മട്ടില്‍ പ്രചരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഒരു രേഖയും പുറത്തുപോയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രിക്ക് ആ ഖേദം വേണ്ട. രണ്ടു രേഖകള്‍ കൂടി ഇന്ന് പുറത്തുവിടുകയാണ്. 2020 ല്‍ അസന്റില്‍ വച്ച് ഇ.എം.സി.സിയും സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച എം.ഒ.യുവും ഇ.എം.സി.സിയ്ക്ക് ചേര്‍ത്തല പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവും.

മേഴ്സികുട്ടിയമ്മ പറയുന്നതുപോലെ ഏതോ അസന്റില്‍ ആരോ ഒപ്പുവച്ച എം.ഒ.യു ഒന്നും അല്ല. സര്‍ക്കാര്‍ തന്നെ ഒപ്പുവച്ച എം.ഒ.യു ആണ്. ഇത് അസന്റില്‍ വയ്ക്കുന്നതിന് മുമ്പ് ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി 2019 ഓാഗസ്റ്റ് രണ്ടിന് ഇ.എം.സി.സി ചര്‍ച്ച നടത്തുകയും വിശദമായ കോണ്‍സെപ്റ്റ് ലെറ്റര്‍ നല്കുകയും ചെയ്തിട്ടുണ്ട്.ഇടതുസര്‍ക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് ഇതെങ്കില്‍ കോണ്‍സെപ്റ്റ് ലെറ്റര്‍ കിട്ടിയപ്പോള്‍ തന്നെ അത് തള്ളിക്കളയാമായിരുന്നില്ലേ? എന്തിന് അസന്റില്‍ വച്ച് എം.ഒ.യു ഒപ്പിട്ടു?

സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ 2018 ല്‍ വരുത്തിയ മാറ്റമനുസരിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. പുറം കടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും എന്നാണ് നയത്തിൽ പറയുന്നത്. ഇത് വിദേശകപ്പലുകളെ ഉദ്ദേശിച്ചുള്ളവയല്ലെന്നും തദ്ദേശീയമായ മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും ഉദ്ദേശിച്ചതാണെന്നുമാണ് മന്ത്രി മേഴ്സികുട്ടിയമ്മ പറയുന്നത്.

അവിടെയാണ് ഈ പദ്ധതിയുടെ കള്ളക്കളി കിടക്കുന്നത്. ഇ.എം.സി.സിയുടെ പദ്ധതിയില്‍ പറയുന്നതും തദ്ദേശീയ മത്സ്യത്തൊഴിലാളികളെ കുറിച്ചാണ്. ഇ.എം.സി.സി തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ പോകുന്നത്. ഇ.എം.സി.സി നല്‍കുന്ന ട്രോളറുകളില്‍ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ പോയി മീന്‍പിടിക്കും. അത് ഇ.എം.സി.സിയുടെ കപ്പലുകള്‍ക്ക് നല്‍കും. അത് കേരളത്തില്‍ ഇ.എം.സി.സി.യുടെ സംസ്‌ക്കരണ ശാലകളില്‍ സംസ്‌ക്കരിക്കും. ഇ.എം.സി.സി അത് കയറ്റുമതി ചെയ്യും.നമ്മുടെ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശകമ്പനി ആസൂത്രണം ചെയ്തിട്ടുള്ള കൊള്ളയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ എം.ഒ.യു ഒപ്പിട്ടിരിക്കുന്നത്.ഇത് നടപ്പാവുന്നതോടെ ഗുജറാത്ത് തീരം പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികളും വഴിയാധാരമാകും. അവർ വെറും കൂലിക്കാരാകും.

തട്ടിപ്പിനായി ഒരുക്കൂട്ടിയ എം.ഒ.യുകൾ റദ്ദാക്കാതെ കുറ്റം ഉദ്യോഗസ്ഥരുടെ മേൽ ചാരിവച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. 400 ട്രോളറുകളും കപ്പലുകളും നിര്‍മ്മിക്കുന്നതിന് എം.ഒ.യു ഒപ്പുവച്ച കെ.എം.ഐ.എന്‍.സി.യുടെ എം.ഡി. എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളാണെന്ന ഒളിയമ്പ് പല ഭാഗത്തുനിന്നും വരുന്നുണ്ട്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എന്നത് ശരിയാണ്. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട് കളക്ടറായി. അത് കഴിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ കാര്യമാണ്. അതും ഇതും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട.

മുഖ്യമന്ത്രിയോട് ഇനിയും ചോദ്യങ്ങളുണ്ട്. ഇ.എം.സി.സി ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ ഡുവന്‍ ഇ ഗെരന്‍സര്‍ എന്നയാളെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ.? മുഖ്യമന്ത്രി ഒന്ന് ഓര്‍ത്തു നോക്കൂ. മുന്‍പ് സ്വപ്നാ സുരേഷിനെ കണ്ട കാര്യം അദ്ദേഹം ആദ്യം ഓര്‍ത്തിരുന്നില്ല. പിന്നീടാണ് ഓര്‍മ്മ വന്നത്.
അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നായിരുന്നു സി.പി.എമ്മിന്റെ പഴയ മുദ്രാവാക്യം. ഇപ്പോള്‍ അറബിക്കടലിനെ‍ അമേരിക്കക്കാരുടെ കപ്പലുകളിൽ നിറയ്ക്കാനാണ് സി.പി.എം തത്രപെടുന്നത്.ഇതിനെല്ലാം മന്ത്രിമാർ മറുപിടി പരയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .

രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരൊപണത്തിന്റെ പ്രസക്തഭാഗങ്ങൾ ….

മത്സ്യത്തൊഴിലാളികളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന അയ്യായിരം കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കൊള്ള സംബന്ധിച്ച് ഒന്നും അറിയില്ല എന്ന മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയുടെയും ഇപി.ജയരാജന്റെയും പ്രസ്താവനകൾ പച്ചക്കള്ളമാണ്. ഇടനിലകച്ചവടവും ഉപകരാറുകൾ വഴിയുള്ള അഴിമതിയുമാണ് ഇതിനു പിന്നിലെ ലക്ഷ്യം. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കള്ളങ്ങൾ ഒാരോന്നായി പൊളിഞ്ഞുവീഴുകയാണ്.

കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇ.എം.സി.സി.യ്ക്ക് തീറെഴുതിക്കൊടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ട വിവരം ഞാന്‍ ഇന്നലെ കൊല്ലത്ത് വച്ച് പുറത്ത് വിടുകയുണ്ടായി.
ഇങ്ങനെ ഒരു കരാറിനെ കുറിച്ച് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്ന തരത്തിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ സംസാരിച്ചത്. വ്യവസായ മന്ത്രി ഇ.പി.ജയരാജനാകട്ടെ പ്രതിപക്ഷനേതാവ് എന്തൊക്കെയോ പറയുന്നു എന്നാണ് പ്രതികരിച്ചത്.

മന്ത്രിയും കമ്പനി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയുടെ ചിത്രം മാധ്യമങ്ങൾക്ക് ഇന്നു നൽകുകയുണ്ടായി. അമേരിക്കയിൽ നടത്തിയ ചർച്ചയുടെ ചിത്രങ്ങളും വൈകാതെ പുറത്തുവരും.

പ്രതിപക്ഷ നേതാവിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞതില്‍ എനിക്ക് പരിഭവമില്ല. സ്പ്രിംഗ്ളര്‍ തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും ഇ – മൊബിലിറ്റി തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് എനിക്ക് പ്രത്യേക മാനസികാവസ്ഥയാണ്, മനോനില തെറ്റിയിരിക്കുകയാണ് എന്നൊക്കെയായിരുന്നു. അവയെല്ലാം പൂര്‍ണ്ണമായി ശരിയാണെന്ന് പിന്നീട് തെളിഞ്ഞു.മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മേഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്.

ഇന്നലെ രാത്രി മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരിട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഞാനൊന്നും അറഞ്ഞില്ല, ഞാനൊന്നും കണ്ടില്ല, ഇങ്ങനെ ഒരു പദ്ധതി ഇല്ല എന്നാണ് അവര്‍ അപ്പോഴും പറഞ്ഞത്. 2018 ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് ഒരു യു.എന്‍ പരിപാടിക്കാണെന്നും അവിടെ വച്ച് വേറെ ആരുമായും ചര്‍ച്ച നടത്തിയിരുന്നില്ലെന്നുമാണ് മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.എന്നാല്‍, ചാനല്‍ പ്രതിനിധികള്‍ അപ്പോള്‍ തന്നെ ഇ.എം.സി.സി. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വിളിച്ചു ചോദിച്ചപ്പോള്‍ അവിടെ വച്ച് മേഴ്സിക്കുട്ടിയമ്മയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് അവർ പറഞ്ഞത്. പച്ചക്കള്ളം പറയുന്നത് ഒരു ജനപ്രതിനിധിക്ക്, അതും മന്ത്രിക്ക് ചേർന്നതല്ല എന്നു മാത്രമേ പറയാനുള്ളൂ.

ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്നതിനും വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ട്.
ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് സാജു വര്‍ഗ്ഗീസ് വ്യവസായ മന്ത്രി ഇ.പി.ജയരാജന് ഈ മാസം 11 ന് നല്‍കിയ കത്താണ് ഞാന്‍ ഇന്നലെ കൊല്ലത്ത് പുറത്തുവിട്ടത്. 5000 കോടി രൂപയുടെ ഈ പദ്ധതി മന്ത്രിസഭയില്‍ വയ്ക്കണമെന്നും കഴിയുന്നത്ര വേഗം അംഗീകാരം നല്‍കണമെന്നും പദ്ധതിയ്ക്കുള്ള മറ്റു ക്ലിയറന്‍സുകള്‍ വേഗത്തില്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ് ഈ കത്ത്.ആ കത്തില്‍ റഫറന്‍സ് നമ്പര്‍ രണ്ടായി പറയുന്നത് തന്നെ 2018 ല്‍ ഏപ്രിലില്‍ ന്യുയോര്‍ക്കില്‍ വച്ച് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചാണ്.

സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി. 3/8/2019 ല്‍ സമര്‍പ്പിച്ച കോണ്‍സെപ്ററ് നോട്ടും ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2019 ആഗസ്റ്റ് രണ്ടിന് ഇ.എം.സി.സി. പ്രസിഡന്റ് നല്‍കിയ കത്തും കൂടുതൽ തെളിവുകളാണ്.
ഈ രണ്ട് രേഖകളിലും മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി.യുമായി നടത്തിയ ചര്‍ച്ചയാണ് ഈ പദ്ധതിക്ക് ആധാരമെന്ന് പറയുന്നു.ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ച പദ്ധതി രേഖയെപ്പറ്റിയും ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൊടുത്ത കത്തിനെപ്പറ്റിയും മന്ത്രിക്ക് അറിവില്ല എന്ന് പറയുന്നത് അരിയാഹാരം കഴിയ്ക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല.

എന്തുമാത്രം ഗൗരവത്തോടെയാണ് ഈ പ്രോജക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതെന്ന് ഈ പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി. അധികൃതര്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ സംസ്ഥാന ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി 2019 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. അതിനു ശേഷം ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി ഇ.എം.സി.സി. അധികൃതര്‍ 2019 ജൂലയില്‍ ചര്‍ച്ച നടത്തുന്നു.2019 ഒാഗസ്റ്റിന് ഡീറ്റൈയില്‍ഡ് കോണ്‍സെപ്റ്റ് ലെറ്റര്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നു.
2020 ഫെബ്രുവരിയില്‍ കൊച്ചിയിലെ അസന്റില്‍ വച്ച് ഇ.എം.സി.സി.യും കേരള സര്‍ക്കാരും 5000 കോടിരൂപയുടെ പദ്ധതിക്കുള്ള MOU ഒപ്പിടുന്നു. മാർച്ച് പത്തിന് പദ്ധതിക്കായി പള്ളിപ്പുറത്തെ മെഗാ പാര്‍ക്കില്‍ നാലേക്കര്‍ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.സി.സി. സര്‍ക്കാരിന് കത്തു നല്‍കുന്നു. പിന്നാലെ കമ്പനിക്ക് നാലേക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ട് കെ.എസ്.ഐ.ഡി.സി. ഉത്തരവാകുന്നു.400 ആഴക്കടല്‍ ട്രോളറുകളും അഞ്ച് ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകളും ഏഴ് മത്സ്യബന്ധന
തുറമുഖങ്ങളും, സംസ്‌ക്കരണ പ്ലാന്റും സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഇ.എം.സി.സി. കരാര്‍ ഒപ്പിടുന്നു.

ഇത്രയും കാര്യങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നത് ഒരു പദ്ധതിയുമില്ല, ഞങ്ങളൊന്നും അറിഞ്ഞിട്ടുമില്ല എന്നാണ്.ആരെയാണ് ഇവർ കബളിപ്പിക്കാൻ നോക്കുന്നത് ?
മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന സ്ഥാപനമാണ് കെ.എസ്.ഐ.എന്‍.സി. അദ്ദേഹത്തിന്റെ സ്വന്തം ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ആണ് ഈ ചെറിയ സ്ഥാപനത്തിന്റെ ചെയർമാൻ. മന്ത്രി പറഞ്ഞതുപോലെ ഇവർക്ക് ഇത്രയും കപ്പലുകളും ട്രോളറും ഉണ്ടാക്കാനുള്ള കപ്പാസിറ്റിയില്ല. സർക്കാർ മേൽ വിലാസത്തിൽ കരാറുണ്ടാക്കി കമ്മിഷനടിക്കുകയാണ് ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തം.ഈ സര്‍ക്കാരിലെ മറ്റു തട്ടിപ്പുകള്‍ എന്ന പോലെ സംശയത്തിന്റെ സൂചിമുന നീണ്ടു ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണ്.

നുണ ആവർത്തിക്കുന്ന ഫിഷറീസ് മന്ത്രി ഇനിയെങ്കിലും പറയണം. 2018 ഏപ്രിലില്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയോ? ഈ സന്ദര്‍ശനത്തിന്റെ പിറ്റേ വര്‍ഷം പുറത്തിറക്കിയ പുതിയ ഫിഷറീസ് പോളിസിയില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും എന്ന തരത്തിലുള്ള നയവ്യതിയാനം ഉണ്ടായത് യാദൃശ്ചികമാണോ? ഈ നയവ്യതിയാനം കാരണമല്ലേ ഇ.എം.സി.സിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള പടുകൂറ്റന്‍ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിക്കാന്‍ കഴിഞ്ഞത്? കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ ഈ നയവ്യതിയാനം എങ്ങനെയാണ് വന്നത്? ഫെബ്രുവരിയിൽ അസന്റില്‍ വച്ച് ഇ.എം.സി.സി.യുമായി സംസ്ഥാന സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് 5000 കോടി രൂപയുടെ ധാരാണാപത്രം ഒപ്പിട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ധാരണാ പത്രം പുറത്തുവിടാന്‍ ധൈര്യമുണ്ടോ?കെ.എസ്.ഐ.ഡി.സിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ ഇ.എം.സി.സി.ക്ക് നാലു ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തിന് വേണ്ടി? ഈ മെഗാ പ്രോജക്ടിന്റെ ഭാഗമായിട്ടല്ലേ അത്? ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തു വിടാമോ?

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഇത്തരം ഒരു തീരുമാനം ഇനിയെങ്കിലും സർക്കാർ തിരുത്തണം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം.

CorruptLDFGovt

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments