തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളും കൂട്ടസ്ഥിരപ്പെടുത്തലുകളും കേരളത്തിന്റെ പൊതുസമൂഹത്തില്‍ വിവാദ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ സമരം സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. അടിയന്തരമായി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇതുവരെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബോധ്യം വരുന്ന രീതിയില്‍ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് യോഗം നിര്‍ദ്ദേശിച്ചു.

ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തില്ലെന്ന തീരുമാനം ദോഷകരമായി ബാധിച്ചു. ഇത് യുവജനങ്ങളുടെ ഇടയില്‍ സര്‍ക്കാരിനെതിരെ വികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലേക്ക് വളര്‍ന്നു. പ്രതിപക്ഷ സമരം സര്‍ക്കാരിനെതിരെയുള്ള ആയുധമായി മാറിയെന്നും മന്ത്രിമാരുടെയും നേതാക്കളില്‍ ചിലരുടെയും പ്രസ്താവനകള്‍ ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും യോഗം വിലയിരുത്തി. സാധ്യമായതെല്ലാം ചെയ്തുവെന്നും ഇനിയൊരു ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. കേന്ദ്രത്തിലെ കര്‍ഷക സമരവുമായി ഉദ്യോഗാര്‍ത്ഥികളുടെ സമരം താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ഇത് കരുതലോടെ നേരിടണം. തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ യുവസമൂഹത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

സിപിഎം സെക്രട്ടേറിയറ്റ് തീരുമാനത്തെ നിരാഹാരം അനുഷ്ഠിക്കുന്ന ഷാഫി പറമ്പിൽ എം എൽ എ പരിഹസിച്ചു ‘ഉദ്യോഗാർത്ഥികളോട് ചർച്ച നടത്തണമെന്ന് സി പി എം സെക്രട്ടേറിയറ്റ് പറയുന്നതായി വാർത്തകൾ കണ്ടു . ഇത് തന്നെയാണ് ദിവസങ്ങളായി ഞങ്ങൾ ഉന്നയിക്കുന്നതും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നതും .
അധികാരം ഫിക്സഡ് ഡിപ്പോസിറ്റ് അല്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മനസ്സിലാക്കുന്നത് നന്നായിരിക്കും.’അദ്ദേഹം പറഞ്ഞു
