തിരുവനന്തപുരം :ഞായറാഴ്ച ആറ്റിങ്ങൽ ശ്രീപാദം ഗ്രൗണ്ടിൽനടന്ന ജില്ലാതല ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ രമ്യ പങ്കെടുത്ത സ്പോർട്ടി ക്ലബ്ബ് മത്സരിച്ചു. മൂന്നാം സ്ഥാനം നേടി മികച്ച പ്രകടനവും കാഴ്ചവെച്ചു. എന്നാൽ, 28-ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട തിരുവനന്തപുരം ജില്ലാ ടീമിൽ രമ്യയ്ക്ക് അവസരം നൽകിയില്ല. സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുകയല്ലേ, എന്തായാലും ജോലികിട്ടും. പിന്നെന്തിനാണ് ഇനി മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നത് എന്ന് പറഞ്ഞായിരുന്നു സംഘാടകർ അവസരം നഷ്ടപ്പെടുത്തിയതെന്നും രമ്യ പറഞ്ഞു. 35-ാമത് ദേശീയ ഗെയിംസിൽ വെള്ളിമെഡൽ ജേതാവായിരുന്ന രമ്യ ജോലിക്കായി സെക്രട്ടേറിയറ്റിനുമുന്നിൽ മറ്റ് 83 താരങ്ങൾക്കൊപ്പം സമരത്തിലാണ്. സമരവേദിയിൽനിന്നാണ് രമ്യ മത്സരത്തിനു പോയതും. സംസ്ഥാന-ദേശീയ മത്സരങ്ങൾ ഇതുമൂലം രമ്യക്ക് നഷ്ടമാകും.
സമരത്തിൽ പങ്കെടുക്കുന്നവരോട് സ്പോർട്സ് കൗൺസിൽ അധികൃതരും മറ്റും പ്രതികാരം ചെയ്യുകയാണെന്ന് ദേശീയ ഗെയിംസ് താരങ്ങളുടെ കോ-ഓർഡിനേറ്ററായ കായികാധ്യാപകൻ കെ.ആർ. പ്രമോദ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ സ്പോർട്സ് കൗൺസിൽ അധികൃതർ തയ്യാറായില്ല.