കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനഃരാരംഭിച്ചു. കോടതി നിര്‍ദേശിച്ചതനുസരിച്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബിജു പൗലോസ് കോടതിയില്‍ ഹാജരായി.
വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് ശേഷം നടക്കുന്ന ആദ്യത്തെ വിചാരണയാണ് ഇന്ന് നടന്നത്. ഹൈക്കോടതി വിധിക്ക് പിറകെ കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വച്ചിരുന്നു.
പ്രോസിക്യൂട്ടര്‍ മാറിയ സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ ഡിസംബര്‍ രണ്ടാം തീയതിയിലേക്ക് മാറ്റി. അതേസമയം, വിചാരണക്കോടതി മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.