THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news നിയമസഭ പോര്-2021: കേരള കോണ്‍ഗ്രസ് ജേക്കബ് ഇടതുമുന്നണിയിലേക്ക്, സത്യമെന്ന് സ്‌കറിയ തോമസ്‌

നിയമസഭ പോര്-2021: കേരള കോണ്‍ഗ്രസ് ജേക്കബ് ഇടതുമുന്നണിയിലേക്ക്, സത്യമെന്ന് സ്‌കറിയ തോമസ്‌

ഗ്ലോബല്‍ ഇന്ത്യന്‍ സ്‌പെഷല്‍

കോട്ടയം: യു.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേയ്ക്ക് പോകുന്നുവെന്ന സൂചന രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാവുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫിലേക്കുള്ള മുന്നണിമാറ്റം യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഉരുക്ക് കോട്ടകള്‍ എന്ന് കണക്കാക്കുന്ന മണ്ഡലങ്ങളില്‍ പോലും യു.ഡി.എഫിന് അടിതെറ്റി. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി വിപുലീകരിച്ച് എല്‍.ഡി.എഫിന് മറുപടി കൊടുക്കാനാണ് യു.ഡി.എഫ് നീക്കം.

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള സകല തന്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണ് എല്‍.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യു.ഡി.എഫില്‍ നിന്ന് പ്രബലരായ രണ്ട് കക്ഷികള്‍ ഇടതുമുന്നണിയിലെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇടതുമുന്നണിയുടെ ഭാഗമാകുമെന്ന് വെളിപ്പെടുത്തുകയാണ് സ്‌കറിയ തോമസ്. അനൂപ് ജേക്കബിനെ മുന്നണിയില്‍ എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യാക്കോബായ സഭ ഇടപെട്ട് നടന്നതായി സ്‌കറിയ തോമസ് വ്യക്തമാക്കി. സെമിത്തേരി ബില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാക്കോബായ സഭ ഇടത് സര്‍ക്കാരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സഭയുടെ ശക്തി കേന്ദ്രമായ പിറവം സീറ്റിനെ കേന്ദ്രീകരിച്ചാണ് എല്‍.ഡി.എഫിലേക്കുള്ള മുന്നണി മാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി സ്ഥാപകനായ ടി.എം ജേക്കബ് 1991 മുതല്‍ മത്സരിക്കുന്ന മണ്ഡലമാണ് എറണാകുളം ജില്ലയിലെ പിറവം. ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് 2012 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പിറവത്ത് നിന്ന് ആദ്യമായി അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2016 ലും അനൂപ് തന്നെയായിരുന്നു മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചത്. സി.പി.എമ്മിലെ എം.ജെ ജേക്കബിനെ 6195 വോട്ടുകള്‍ക്കായിരുന്നു അനൂപ് ജേക്കബ് പരാജയപ്പെടുത്തിയത്. അനൂപ് ജേക്കബ് 73770 വോട്ടുകള്‍ നേടിയപ്പോള്‍ എം.ജെ ജേക്കബിന് 67575 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പിറവത്ത് അനൂപ് ജേക്കബിന് കാര്യങ്ങള്‍ എളുപ്പമായേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടതും യാക്കോബായ സമുദായത്തിന്റെ നിലപാടുമാണ് ജേക്കബ് വിഭാഗത്തിനെ ആശങ്കപ്പെടുത്തുന്നത്. കേരള കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ജോണി നെല്ലൂര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടി വിട്ട് പി.ജെ ജോസഫ് പക്ഷത്തേക്ക് പോയത്. ജോസഫ് പക്ഷത്തെത്തിയ ജോണി നെല്ലൂര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ നേതാക്കളെ ചാക്കിട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനുണ്ട്. ഇതിനിടെ പാര്‍ട്ടി പിറവം സീറ്റ് കൂടാതെ ഒരു സീറ്റ് അധികമായി വേണമെന്ന ആവശ്യം യു.ഡി.എഫില്‍ ഉന്നയിച്ചിരുന്നു. ജോസ് കെ മാണി വിഭാഗം വിട്ട് പോയ സാഹചര്യത്തില്‍ തങ്ങള്‍ക്കും ഒരു സീറ്റ് അധികമായി നേടാനുള്ള അര്‍ഹതയുണ്ടെന്നാണ് ജേക്കബ് വിഭാഗം വ്യക്തമാക്കുന്നത്. അങ്കമാലി സീറ്റാണ് അധികമായി ജേക്കബ് വിഭാഗം യു.ഡി.എഫില്‍ ആവശ്യപ്പെട്ടത്.

ജേക്കബ് വിഭാഗത്തിന് അധികമായി സീറ്റ് നല്‍കാല്‍ യു.ഡി.എഫ് തയ്യാറാകില്ലെന്ന് കണ്ടായിരുന്നു ജോണി നെല്ലൂര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറിയത് എന്നത് കൊണ്ട് തന്നെ സീറ്റ് നേടിയെടുക്കുകയെന്നത് ജേക്കബ് വിഭാഗത്തെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ശക്തി ക്ഷയിച്ച ജേക്കബ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ്. ഇതോടെ അവഗണന സഹിച്ച് മുന്നണിയില്‍ തുടരുന്നതിനേക്കാള്‍ എല്‍.ഡി.എഫിന്റെ ഭാഗമാകണമെന്ന നിര്‍ദ്ദേശമാണ് ജേക്കബ് വിഭാഗത്തോട് സഭ ഉള്‍പ്പെടെ നിര്‍ദ്ദേശിക്കുന്നതെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജേക്കബ് വിഭാഗത്തെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജോസ് കെ മാണി ഇടനിലക്കാരായാണ് ചര്‍ച്ചകള്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് അനൂപ് ജേക്കബുമായുള്ള ചര്‍ച്ചകള്‍ എന്നാണ് മന്ത്രി ഇപി ജയരാജന്റെ വാക്കുകളും വ്യക്തമാക്കുന്നത്. ജേക്കബ് വിഭാഗം എത്തിയാല്‍ ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസ് ഒന്നിക്കാനുള്ള സാധ്യതയും സ്‌കറിയ തോമസ് തള്ളിക്കളയുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഇടതു നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനൂപ് ജേക്കബ് തന്നെ രംഗത്തെത്തി. ഇപ്പോള്‍ തങ്ങള്‍ യു.ഡി.എഫിലാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ ഇപ്പോള്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമമായി തിരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണഅടയിട്ടില്ല. സ്‌കറിയ തോമസ് എന്തിനാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരുമെന്ന് അനൂപ് പറഞ്ഞു.

1993 ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫിനൊപ്പമായിരുന്നു. 2005 ല്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കെ കരുണാകരന്റെ ഡോമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസുമായി ലയിക്കാന്‍ തിരുമാനിക്കുകയും പിന്നീട് 2006 ല്‍ യു.ഡി.എഫുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയും ചെയ്തു. പിന്നിട് കെ മുരളീധരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ടി.എം ജേക്കബ് പുറത്തുവരികരികയും സ്വന്തം കക്ഷി വിപുലപ്പെടുത്തുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments