THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns പത്തൊൻപതാമത്തെ അടവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ!

പത്തൊൻപതാമത്തെ അടവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ!

ജെയിംസ് കൂടൽ

‘ഒന്നും ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി’ എന്നത് സാക്ഷാൽ കെ. കരുണാകരന്റെ ആപ്തവാക്യങ്ങളി ലൊന്നാണ്. കണ്ണിറുക്കി ചിരിച്ചുകൊണ്ട് ലീഡർ തൃശൂർ നെല്ലായിലെ കാളൻ വൈദ്യശാലയുടെ ആ പരസ്യവാചകം തമാശയായി പറയുമ്പോൾ ഉദ്ദേശിക്കുന്നത് രാഷ്ട്രീയത്തിൽ ഒന്നും ശരിയാകാതെ വരുമ്പോൾ നാടൻ അറ്റകൈ പ്രയോഗമായി നടത്തുന്ന ഞൊടുക്കുവിദ്യകളെയാണ്. പറഞ്ഞത് ലീഡറാണെങ്കിലും സത്യത്തിൽ അതാണിപ്പോൾ പിണറായിക്കും തോമസ് ഐസക്കിനും മറ്റും പഥ്യമായിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചോദ്യങ്ങൾക്കും കണ്ടെത്തലുകൾക്കും എതിരെ പിടിച്ചുനിൽക്കാനാകാതെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സർക്കാർ.

ഇതിനിടെ, ഇലക്ഷന് തൊട്ടടുത്ത ദിവസം സംസ്ഥാനമൊട്ടാകെ കിറ്റു വിതരണം നടത്താനൊരുങ്ങിയതും സ്‌പെഷ്യൽ അരിവിതരണവും തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞപ്പോൾ അതിനെതിരെയും സർക്കാർ കോടതിയിലേക്കാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നു എന്നാരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

അതൊക്കെ പോകട്ടെ, ഒന്നുമില്ലെങ്കിലും ജനങ്ങൾക്ക് ‘അരി കിട്ടുന്ന’ കാര്യമല്ലേ… പ്രജാക്ഷേമമല്ലേ… എന്തെങ്കിലും ആകട്ടെയെന്ന് കരുതി ക്ഷമിക്കാം. പക്ഷേ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്  മര്യാദരാമൻ കളിക്കാനുള്ള ഒരു ഞൊടുക്കുവേലയായിപ്പോയി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നാടകത്തിന്റെ ഉള്ളുകള്ളികൾ തുറന്നുകാട്ടുകയും ചെയ്തു.  ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു ‘പ്രചരണ സ്റ്റണ്ട്’ മാത്രമായി കണ്ടാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്തു കേസിലും ഡോളർക്കടത്തു കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ പ്രതികൾ കോടതി മുമ്പാകെ നൽകിയത്. ഇത്രയും ഗുരുതരമായ മൊഴികളുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് ഈ കള്ളക്കളി.  സ്വർണ്ണക്കടത്തും ഡോളർക്കടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷൻ ഓഫ് ഇൻക്വയറീസ് ആക്റ്റ് പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തുന്നുതെങ്ങനെയെന്ന് മനസിലാകുന്നില്ല. കേസിൽ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വലംകയ്യും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണ്. സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി കോടതിക്കു മുൻപാകെ കൊടുത്ത മൊഴിയാകട്ടെ മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടിൽ കയറ്റുന്നതുമാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ജുഡീഷ്യൽ അന്വേഷണം കൊണ്ട് നേരിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് എത്രമാത്രം അപഹാസ്യമാണെന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര സ്വഭാവമുള്ള മൊഴികളാണ് പ്രതികൾ നൽകിയിട്ടുള്ളതെന്ന് അന്വേഷണ ഏജൻസികൾ തന്നെ കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികൾ കയ്യിലുണ്ടായിരുന്നിട്ടും നേരാംവണ്ണം അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ. ഇതെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു എന്ന് കണ്ടപ്പോൾ ജനശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള പ്രഹസനം മാത്രമാണ് ഈ ജുഡീഷ്യൽ അന്വേഷണ തട്ടിപ്പ്. ഇതു കൊണ്ടെന്നും ഗുരുതമായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ കരുതണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഇ.ഡി. നടപടികളെക്കുറിച്ചു പരിശോധിക്കാൻ സംസ്ഥാനസർക്കാരിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനാകുമോ എന്നതിൽ നിയമവിദഗ്ധർക്ക് വ്യത്യസ്ത അഭിപ്രായമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രവർത്തിക്കുന്ന ഇ.ഡി.ക്കെതിരേ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന് നിയമപരമായി കഴിയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒപ്പുവെച്ച കരാറുകളുടെ നടത്തിപ്പിന്റെ ഭാഗമായാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം നിലവിൽവരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. 1952ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ട് പ്രകാരമാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുന്നത്. ഇത് ഭരണഘടനയുടെ ഏഴാമത്തെ പട്ടികയിൽ ഓരോ സർക്കാരിനും അനുവദിച്ചിട്ടുള്ള വിഷയവുമായി ബന്ധപ്പെട്ടു മാത്രമേ സാധ്യമാകൂ. ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ ഏതു വിഷയത്തിലും കേന്ദ്രസർക്കാരിന് അന്വേഷണ കമ്മിഷനെ നിയോഗിക്കാം. എന്നാൽ, സംസ്ഥാന സർക്കാരിന് ലിസ്റ്റ് രണ്ട്, മൂന്ന് പട്ടികയിൽ ഉൾപ്പെട്ട വിഷയത്തിലേ കമ്മിഷനെ നിയമിക്കാനാകൂ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം ലിസ്റ്റ് ഒന്നിൽ ഉൾപ്പെട്ട വിഷയമാണ്. അതിനാൽ ഇ.ഡി.ക്കെതിരായ അന്വേഷണത്തിന് സംസ്ഥാനസർക്കാരിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനാകില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. എം.ആർ. അഭിലാഷ് പറഞ്ഞത്. ഇ.ഡി.യുടെ അന്വേഷണത്തിൽ അതൃപ്തിയുണ്ടെങ്കിൽ സർക്കാർ കോടതിയെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കള്ളപ്പണ്ണം വെളുപ്പിക്കൽ നിയമപ്രകാരം നടത്തിയ അന്വേഷണത്തെക്കുറിച്ചല്ല ജുഡീഷ്യൽ അന്വേഷണം എന്നതാണ് സർക്കാർ നിലപാട്. ക്രിമിനൽ കുറ്റകൃത്യത്തിലേക്ക് മുഖ്യമന്ത്രിയടക്കമുള്ളവരെ വലിച്ചിഴയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതാണത്രെ അന്വേഷണ വിഷയം. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമാണത്. അത് ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് മൂന്നിൽ ഉൾപ്പെട്ട വിഷയമാണെന്നും വാദം.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാർ നടത്തിയ തന്ത്രപരമായ മറുനീക്കമാണ് കമ്മിഷന്റെ നിയമനമെന്ന വിലയിരുത്തലുമുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിയമപരമായ ഏറ്റുമുട്ടലിന്റെ ഭാഗമാണിത്. ജുഡീഷ്യൽ കമ്മിഷന് ആരെയും വിളിച്ചുവരുത്താം. ഇ.ഡി. ഉദ്യോഗസ്ഥർക്കു പുറമേ കസ്റ്റംസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താം. ഇത് ഒഴിവാക്കണമെങ്കിൽ ഈ വിഷയം ഇ.ഡി.ക്ക് കോടതിയിൽ ചോദ്യംചെയ്‌തേ മതിയാകൂ. െ്രെകംബ്രാഞ്ച് എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത് വഴിതുറക്കുന്നത് അസാധാരണ നിയമനടപടികളിലേക്ക്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സ്വന്തംനിലയിലാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും പിന്നിൽ കേന്ദ്രസർക്കാർ തന്നെയാണെന്ന് വ്യക്തമാണ്. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറണമെന്നും ഉന്നയിച്ചിട്ടുണ്ട്.

ഇ.ഡി. ഉദ്യോഗസ്ഥനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരിക്കും ബുധനാഴ്ച കോടതിയിൽ ഹാജരാകുക. െ്രെകംബ്രാഞ്ചിനുവേണ്ടിയും സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകാനാണ് സാധ്യത. ഫലത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഏറ്റുമുട്ടലായി അത് മാറും.

എഫ്.ഐ.ആർ. റദ്ദാക്കുക മാത്രമായിരുന്നു ആവശ്യമെങ്കിൽ അത്തരത്തിൽ ഹർജി ഫയൽചെയ്താൽ മതിയായിരുന്നു. ഇവിടെ റിട്ട് ഹർജിയാണ് നൽകിയിരിക്കുന്നത്. അതിലൂടെയാണ് എഫ്.ഐ.ആർ. റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. സാധാരണയായി ഇത്തരത്തിൽ രണ്ട് ആവശ്യങ്ങൾ ഒരേ ഹർജിയിൽ ഉന്നയിക്കാറില്ല. അസാധാരണ സാഹചര്യം ഉള്ളതിനാൽ ഇത്തരത്തിൽ ഹർജി നൽകിയതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ എം.ആർ. അഭിലാഷ് പറഞ്ഞത്. കേന്ദ്ര ഏജൻസിക്കെതിരേ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പേരിൽ സംസ്ഥാന ഏജൻസി കേസെടുത്തതാണ് അസാധാരണ സാഹചര്യമായി ചൂണ്ടിക്കാട്ടുന്നത്.

പറയുമ്പോൾ എല്ലാം പറയണമല്ലോ.. ഇ.ഡി. ഉദ്യോഗസ്ഥൻ സ്വന്തംനിലയിൽ ഫയൽചെയ്ത ഹർജിയോടൊപ്പം ഔദ്യോഗിക രേഖകളും കോടതിയിൽ സമർപ്പിച്ചത് ഗുരുതരപിഴവാണെന്ന അഭിപ്രായവും നിയമവൃത്തങ്ങൾ ഉന്നയിക്കുന്നുണ്ട്. കേസ് ഡയറിയും 161 സ്‌റ്റേറ്റുമെന്റുമൊക്കെ ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകൾ ഹാജരാക്കിയത് കോടതിയിലും ചോദ്യംചെയ്യപ്പെട്ടേക്കാം.

വാൽക്കഷണം

ഏതോ സിനിമയിൽ ഗോദയിൽ തോറ്റിട്ട് ‘ഞാനെന്റെ പത്തൊൻപതാമത്തെ അടവൊന്ന് പുറത്തെടുത്തോട്ടെ, കാണിച്ചുതരാം’ എന്നും പറഞ്ഞ് തിരിഞ്ഞുനോക്കാതെ ഓടുന്ന തമാശക്കാരന്റെ രംഗമുണ്ട്. അതാണിപ്പോൾ ഓർമ്മവരുന്നത്. ഏതായാലും ചുവന്ന താറും പാച്ചി ജുഡീഷ്യൽ അന്വേഷണത്തിനുവേണ്ടിയുള്ള ആ ഓട്ടത്തിനും പത്തൊൻപതാമത്തെ അടവിനും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments