THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns വ്യാജ വോട്ടർമാരുടെ പ്രളയം നേരിടാം, വ്യാജ സർവ്വെകളെയോ..

വ്യാജ വോട്ടർമാരുടെ പ്രളയം നേരിടാം, വ്യാജ സർവ്വെകളെയോ..

ജെയിംസ് കൂടൽ

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. തിരഞ്ഞെടുപ്പുണ്ടായ കാലം മുതൽ അതിനോടനുബന്ധിച്ചുള്ള കള്ളവോട്ടും ബൂത്തുപിടിത്തവുമൊക്കെ കേൾക്കാറുണ്ടെങ്കിലും ഇത്തവണ കാര്യങ്ങൾ സാധരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായിരിക്കും. കേരളം ഭരിക്കേണ്ടവരെ തീരുമാനിക്കുന്നത് തങ്ങൾക്കൊപ്പം വ്യാജവോട്ടുകളും കൂടിച്ചേർന്നാണെന്ന് വരുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയ്ക്ക് എത്രമാത്രം അപമാനകരമാണ്. ലക്ഷക്കണക്കിനു വ്യാജവോട്ടർമാർ എങ്ങനെയാണു പട്ടികയിൽ കയറിപ്പറ്റിയത് എന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻതന്നെ അന്തംവിട്ടു നിൽക്കുകയാണ്.

വ്യാജവോട്ടുകൾ പെരുകുന്നത് സംബന്ധിച്ച് ശക്തമായ അറിവു കിട്ടിയപ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാര്യം  പൊതുജനശ്രദ്ധയിൽ കൊണ്ടുവരികയും തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമപ്രകാരം തെളിവു സഹിതം അറിയിക്കുകയും ചെയ്തു. ഇത്തവണ തിരുവനന്തപുരത്ത് നേരത്തെ ആസൂത്രണം ചെയ്തതിൽ കൂടുതൽ ഇരട്ടവോട്ടുകൾ ചേർക്കപ്പെട്ടതാണ് കള്ളി  പെട്ടെന്ന് പുറത്തുവരാൻ കാരണമായത്. ഓരോ മണ്ഡലത്തിലും പുതുതായി രണ്ടായിരവും മൂവായിരവും വ്യാജവോട്ടുകളാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും ഇതിനായി നിയോഗിക്കപ്പെട്ടവരുടെ ആവേശം കാരണം അയ്യായിരവും എണ്ണായിരവും ഇരട്ട വോട്ടുകൾ വരെ ചേർക്കപ്പെട്ടു. ഇതോടെയാണ് ഇരട്ട വോട്ടുകൾ പെട്ടെന്ന് ശ്രദ്ധയിൽ പെട്ടത്.

കള്ളവോട്ട്  ഉണ്ടെന്ന് സമ്മതിച്ച കമ്മീഷൻ പക്ഷേ ആദ്യം അത് വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല. പരാതിപ്പെടേണ്ട സമയം വൈകിയെന്നും പരാതിയിൽ പറയുന്നത്ര കള്ളവോട്ടുകൾ ഇല്ലെന്നുമുള്ള തൊടുന്യായമാണ് കമ്മീഷൻ ഉയർത്തിയത്. അതോടെ രമേശ് ചെന്നിത്തലയ്ക്ക് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. അതോടെ 38,586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്ന് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമ്മതിച്ചു. പക്ഷേ, അത് യഥാർഥത്തിലുള്ള ഇരട്ട വോട്ടുകളുടെ പത്തിലൊന്നുപോലും വരുമായിരുന്നില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളോ ഒന്നിലേറെ മണ്ഡലങ്ങളിലെ വോട്ടുകളോ വോട്ടർ പട്ടികയിൽ കടന്നുകൂടിയെന്നായിരുന്നു ചെന്നിത്തലയുടെ പരാതി.

ഹർജിയിൽ വസ്തുതയുണ്ടെന്നു തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ചതോടെ ഇരട്ട വോട്ടു തടയാൻ എന്തെല്ലാം ചെയ്യാമെന്ന് കമ്മിഷനോടു നിർദേശങ്ങൾ കോടതി ആരാഞ്ഞു. ഇരട്ട വോട്ടുള്ളവർ ബൂത്തിലെത്തുമ്പോൾ ഒരു വോട്ടുമാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്നു വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കണം, ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നിങ്ങനെയുള്ള നിർദേശങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ സമർപ്പിച്ചു. ഇവയ്ക്കാണ് കോടതി അംഗീകാരം നൽകിയത്.

”ഇരട്ടവോട്ടുള്ളവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിർദേശം തമാശയാണ്” ചെന്നിത്തല പറഞ്ഞു.  പരാതിയിലുറച്ചുനിന്ന അദ്ദേഹം കെ.പി.സി.സി നിയോഗിച്ച സൈബർ വിദഗ്ധരുടെ സംഘം കണ്ടെത്തിയ 4.34 ലക്ഷം ഇരട്ട/വ്യാജ വോട്ടുകളുടെ മുഴുവൻ വിവരങ്ങൾ ഓപ്പറേഷൻ ട്വിൻസ്  (ംംം.ീുലൃമശേീിംേശി.െരീാ)  വെബ്‌സൈറ്റിലൂടെ ആർക്കും പരിശോധിക്കാവുന്ന വിധത്തിൽ പുറത്തുവിടുകയും ചെയ്തു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഓപ്പറേഷൻ ട്വിൻസിനു നേതൃത്വം നൽകിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽനിന്നു വിരമിച്ച പ്രഫസർ ഉൾപ്പെടെ വിദഗ്ധരെ ഇതിനായി ചുമതലപ്പെടുത്തി. 140 മണ്ഡലങ്ങളിലായി സാങ്കേതികവിദഗ്ധർ ഉൾപ്പെടെ 2500 പേർ നേരിട്ടു പങ്കെടുത്ത വൻ ദൗത്യത്തിലൂടെ തിരഞ്ഞെടുപ്പു കമ്മിഷനെയും മുട്ടുകുത്തിച്ച് ലക്ഷക്കണക്കിനു വ്യാജവോട്ടുകളാണു കണ്ടെത്തിയത്. ഇനിയും വിദഗ്ധസംഘം പരിശോധന നിർത്തുന്നില്ല. ക്രമക്കേടു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക ബൂത്തുകളിലെത്തിച്ച് വ്യാജവോട്ടുകൾ പൂർണമായി തടയാനാണു ശ്രമം.

ഇതിന്റെ ആകെത്തുക കള്ളവോട്ട് ഇനിയും അത്ര എളുപ്പമാകില്ല എന്നതാണ്. ചെന്നിത്തലയുടെ ഇടപെടലുകളിൽ ഏറ്റവും തിളക്കമേറിയിരുന്നതായിരുന്നു ഇത്. യു.ഡി.എഫ് മുന്നണിയുടെ വിജയസാധ്യതയെ ബഹുദൂരം മുന്നോട്ട് നയിക്കുന്നതും.

അതേസമയം,  പ്രതിപക്ഷത്തിന്റെ നായകത്വം വഹിക്കുന്ന രമേശ് ചെന്നിത്തല കൊണ്ടുവന്നിരുന്ന എല്ലാ ആരോപണങ്ങൾക്കുമെതിരെ ചന്ദ്രഹാസമിളക്കുമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോലും ഇതിനെതിരെയുള്ള പ്രതികരണം  തുലോം ദുർബലമായി. എൽ.ഡി.എഫ് സ്തബ്ധരായി എന്നുവേണം കരുതാൻ.  ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഒന്നിച്ച് ഒരു വെബ്‌സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടിൽ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോൺഗ്രസ് ബോധപൂർവം ഇരട്ടവോട്ട് ചേർത്തെന്ന് സംശയമുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പേരുകളിൽ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും സിപിഎം എംപി എളമരം കരീം ആരോപിച്ചു. ഒന്നുരണ്ടു പേരെ രംഗത്തെത്തിക്കുകയും ചെയ്തു.

സിപിഎം  ബൗദ്ധിക നേതാവായ എം.എ ബേബി പറഞ്ഞത്  ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ്‌ലോഡ് ചെയ്തത് സിംഗപ്പുർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസിൽനിന്നാണെന്നാണ്. വ്യക്തികളുടെ അനുമതിയോടെ അല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയതെന്നും എം.എ. ബേബി ആരോപിച്ചു.

അതിനു മറുപടിയായി ചെന്നിത്തല,  ഏതെല്ലാമാണ് സെൻസിറ്റീവ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണെന്നു തുറന്നടിച്ചു. ഇലക്ഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ച, ഇന്റർനെറ്റിൽ ലഭ്യമായ, ലോകത്തിന്റെ എവിടെനിന്നും ആർക്കും പ്രാപ്യമായ വിവരങ്ങൾ എടുത്ത് ഡേറ്റാ അനലിറ്റിക്‌സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവർത്തകർ ചെയ്തത്. ഇത് ഡേറ്റാ െ്രെപവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേൾക്കുന്നത് കൗതുകകരമാണ്.

സ്പ്രിൻക്ലർ ഇടപാട് പരിശോധിച്ചാൽ എന്താണ് ഡേറ്റാ ചോർച്ച എന്ന് മനസ്സിലാക്കാം. സെൻസിറ്റീവ് പഴ്‌സനൽ ഡേറ്റയായ ആരോഗ്യ വിവരങ്ങളാണ് സർക്കാർ ശേഖരിച്ച് ഒരു മാനദണ്ഡങ്ങളുമില്ലാതെ അമേരിക്കൻ കമ്പനിക്ക് നൽകിയത്. എന്താണ് സെൻസിറ്റീവ് പഴ്‌സനൽ ഡേറ്റ എന്നത് സംബന്ധിച്ച് കൃത്യമായ നിർവചനമുണ്ട്. ആരോഗ്യവിവരങ്ങൾ സെൻസിറ്റീവ് പഴ്‌സനൽ വിവരങ്ങളാണ്. ഇവിടെ വോട്ടേഴ്‌സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇലക്ഷൻ കമ്മിഷൻ വെബ്‌സൈറ്റിൽ ശേഖരിച്ചിട്ടുള്ള, ആർക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗൺലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷൻ ട്വിൻസിൽ നടത്തിയിട്ടുള്ളത്. ഇലക്ഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ച വിവരങ്ങൾ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും, സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല. ഏതെങ്കിലും വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാണെങ്കിൽ അത് സെൻസിറ്റീവ് ഡേറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടം. അത് എവിടെ വേണമെങ്കിലും ഹോസ്റ്റ് ചെയ്യാം, ചെന്നിത്തല വ്യക്തമാക്കി.

സത്യത്തിൽ, ചെന്നിത്തലയുടെ ഇടപെടൽ, വോട്ടർപട്ടികയിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്ത് ക്രമക്കേടുകൾ കാണിച്ച ഭരണാനുകൂല തലത്തിലുള്ള ഉദ്യോഗസ്ഥർക്കും അതുവഴി അവരെ നിയന്ത്രിച്ച സർക്കാരിന് തന്നെയും കനത്ത പ്രഹരമായിരിക്കുകയാണ്. ഒപ്പം ഇരട്ട വോട്ടുകൾ വേണ്ടവിധം പരിശോധിക്കാത്ത ഇലക്ഷൻ കമ്മീഷനും. സാങ്കേതിക വിദഗ്ധരും ആളും ആർഥവുമൊക്കെ വേണ്ടവിധം ഉണ്ടായിട്ടും കമ്മീഷൻ കാണിച്ച അലംഭാവം ഞെട്ടിക്കുന്നതായി. ഇതൊക്കെ യു.ഡി.എഫിന് നൽകുന്ന ആശ്വാസം ചില്ലറയല്ല.

ഇങ്ങനെ, രമേശ് ചെന്നിത്തല ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ  ചില കാര്യങ്ങൾ എത്രയെത്രയാണ്. 

മന്ത്രി ഇ.പി.ജയരാജന്റെ  ബന്ധുനിയമനം, യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിലെ ചട്ടലംഘനം, പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കിയ പമ്പ മണൽക്കടത്ത്,  നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 4  മദ്യനിർമാണശാല അനുവദിച്ചതിലെ കോടികളുടെ അഴിമതി, സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയമാർക്ക് ദാനം, ഇമൊബിലിറ്റി കൺസൽറ്റൻസി കരാർ െ്രെപസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു കൊടുത്തതിലെ അഴിമതി, ഇ–മൊബിലിറ്റി പദ്ധതിയിലെ അഴിമതി,  സഹകരണ ബാങ്കുകളിൽ കോർബാങ്കിങ് സോഫ്റ്റ്‌വെയർ അഴിമതി,   പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സിംസ് പദ്ധതി അഴിമതി,  ചട്ടങ്ങൾ അട്ടിമറിച്ച ആഴക്കടൽ  മത്സ്യബന്ധനത്തിനുള്ള  ധാരണാപത്രം ഒപ്പിട്ട അഴിമതി, എന്നിങ്ങനെ വ്യക്തമായ തെളിവുകളോടെ ഭരണപക്ഷത്തിന്റെ എത്രയെത്ര കണക്കുകളും അഴിമതിയുമാണ് പ്രതിപക്ഷനേതാവ് എന്ന നിലയിൽ രമേശ് ചന്നിത്തല പുറത്തുകൊണ്ടുവന്നത്. അദ്ദേഹം തൊടുത്തുവിട്ട അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിക്കുകയും ചെയ്തു. എല്ലാത്തിൽനിന്നും സർക്കാരിനു പിൻവാങ്ങേണ്ടി വന്നു. 

പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയപ്പോൾ നിയമം സർക്കാർ പിൻവലിച്ചു. സർക്കാർ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.

ഇപ്പോൾ ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് 4.34 ലക്ഷം  ഇരട്ട/കള്ളവോട്ടുകൾ വെളിപ്പെടുത്തിയത്. 

കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാർട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ  സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവൺമെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായി വേണം കരുതാൻ.

പക്ഷേ ഇതിനൊരു മറുവശമുണ്ട്.  സ്പ്രിങ്ക്‌ലർ തുടങ്ങി ഇപ്പോൾ കള്ളവോട്ട് വരെയുള്ള രണ്ട് ഡസനോളം വിഷയങ്ങൾ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാധ്യമ അഭിപ്രായ സർവേകളിൽ ഏതാണ്ട് 5% പിന്തുണ! എല്ലാ വിഷയത്തിലും ആരോപണ വിധേയനായ, മിക്ക വിഷയങ്ങളിലും സർക്കാർ തീരുമാനം തിരുത്താൻ നിർബന്ധിതനായ, ആഴക്കടൽ ധാരണാപത്രം ഉൾപ്പടെയുള്ള വിഷയങ്ങളിൽ തെറ്റായ പ്രസ്താവനകൾ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഏതാണ്ട് 40% പിന്തുണ!

മാധ്യമങ്ങളുടെ കൗതുകകരമായ ‘കോറസ് പാടലാണ്’ ചാനൽ സർവേകളുടെ പേരിൽ ഇന്ന് കേരളത്തിൽ അരങ്ങേറുന്നത്. മാധ്യമങ്ങൾക്ക് അവരുടെ പക്ഷത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നവരെ ചിലപ്പോൾ നിർദയം വക്രീകരിക്കേണ്ടിവരും. അതാണ് കേരളത്തിൽ രമേശ് ചെന്നിത്തലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യശ്ശശരീരനായ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ളയുടെ മകനും ഏഷ്യാനെറ്റ് ചാനൽ മേധാവിയുമായ എം.ജി. രാധാകൃഷ്ണൻ ‘വിലപി’ക്കുന്നു: ”വാസ്തവത്തിൽ കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷനേതാക്കളിൽ ഒരാളായാണ് കഴിഞ്ഞ അഞ്ച് വർഷം ചെന്നിത്തല പ്രവർത്തിച്ചത്.  പിണറായി സർക്കാർ ചെയ്ത തെറ്റുകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവരികയും തിരുത്തിക്കുകയും ചെയ്തത് ചെന്നിത്തലയാണ്.  അന്വേഷണാത്മകപ്രവർത്തനം നടത്തുന്ന മാധ്യമങ്ങൾക്കൊക്കെ കഴിഞ്ഞതിന്റെ പലമടങ്ങ്. ചെന്നിത്തലയുടെ സംഭാവനയ്ക്ക് മറ്റൊരു വലിയ മൂല്യം കൂടിയുണ്ട്. ഭരണകൂടത്തിൽ സുതാര്യതയും ജനാധിപത്യവും ഏറ്റവും കുറഞ്ഞ കാലമായിരുന്നു ഈ അഞ്ച് വർഷം. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സി പി എമ്മിന്റെയോ എൽ ഡി എഫിന്റെയോ ഉള്ളിൽ നിന്ന് പോലും വിമർശനമോ പരിശോധനയോ ഇല്ലാതെ പോയ അധികാര കേന്ദ്രീകരണത്തിന്റെയും അരാഷ്ട്രീയമായ ഉപദേശക ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെയും കാലം. രാഷ്ട്രീയ അധികാരം മുഴുവൻ മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിച്ച വർഷങ്ങൾ.  അതുകൊണ്ട് തന്നെ ചെന്നിത്തല പുറത്തുകൊണ്ടുവന്ന നിരവധി പിഴവുകൾ തിരുത്തപ്പെട്ടിരുന്നില്ലെങ്കിൽ കേരളത്തിന് ഉണ്ടാകുമായിരുന്ന നഷ്ടങ്ങൾ നിസ്സാരമല്ല. അതുകൊണ്ടാണ് പ്രതിപക്ഷനേതാവെന്ന നിലയിൽ മുമ്പ് വി എസ് അച്യുതാനന്ദൻ വഹിച്ച ‘വിസിൽ ബ്ലോവർ’ ദൗത്യം ഇക്കാലത്ത് നിർവഹിച്ചത് ചെന്നിത്തല ആയത്. പക്ഷെ ഇതൊക്കെ ആയിട്ടും പ്രതിപക്ഷനേതാവെന്ന നിലയിൽ വി എസ് കൈവരിച്ച വ്യാപകമായ അംഗീകാരവും സമ്മതിയും എന്തുകൊണ്ട് ചെന്നിത്തലയ്ക്ക് ലഭിക്കാതെ പോകുന്നു”  എം.ജി. രാധാകൃഷ്ണൻ പറയുന്നു.

ചാനൽ മേധാവിയുടെ ‘പ്രതിക്രിയാവാദം’ ഇങ്ങനെ: ”രാഷ്ട്രീയപ്പാർട്ടികളുടെയും സർക്കാരുകളുടെയും തെരഞ്ഞടുപ്പ് പ്രചാരണത്തിലെ നിഷേധാത്മകമായ വശങ്ങളെപ്പറ്റി (ചലഴമശേ്‌ല ജൗയഹശര ഇീാാൗിശരമശേീി) സ്വീഡനിൽ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സ്വന്തം നയങ്ങൾ വിശദീകരിക്കുന്നതിനു പകരം മറുപക്ഷത്തെ ആക്രമിക്കുക മാത്രം ചെയ്യുന്ന പ്രചാരണം ഇക്കാലത്ത് ജനം ഇഷ്ടപ്പെടുന്നില്ലെന്നാണത്രെ.”

അതുകൊണ്ട് ചാനൽ ഇങ്ങനെയൊരു ഇന്ററപ്ഷൻ ബോർഡ് കാണിച്ചേക്കാമെന്ന് നമുക്ക് പ്രതീക്ഷിക്കാം:  ”ദയവായി ക്ഷമിക്കുക.. സത്യം ജനങ്ങൾക്ക് ഇഷ്ടമില്ല. അതിനാൽ അതു പ്രക്ഷേപണം ചെയ്യാൻ കഴിയാത്തതിനാൽ നിർവ്യാജം ഖേദിക്കുന്നു.”

നെഗറ്റീവും നഹി. നഹീന്നു പറഞ്ഞാ നഹി !

വാൽക്കഷണം

സുഖത്തിലും ദുഃഖത്തിലും നിന്നോടൊപ്പം നിൻ നിഴൽ മാത്രമല്ല, ബൂത്തിലെത്തുമ്പോൾ ഇനി വ്യാജ വോട്ടർ കൂടി ഒപ്പം വരുമെന്ന കാവ്യാത്മകമായ കാൽപ്പനിക രംഗവേദി.

‘ലുക്കിലൊന്നും കാര്യമില്ല, വർക്കിലാണ് കാര്യം മോനെ’ എന്നു പറഞ്ഞവരികളിപ്പോൾ ‘ഇരട്ടച്ചങ്കിലൊന്നും കാര്യമില്ല, ഇരട്ടവോട്ടിലാണ് കാര്യം’ എന്നു പാടാൻ തുടങ്ങിയത്രേ.

അവസാനം ഇലക്ഷൻ കമ്മീഷൻ: ദ ഷോ മസ്റ്റ് ഗോ ഓൺ!

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments