തിരുവനന്തപുരം: കേരളത്തിൽ ആദ്യ ഘട്ട കൊറോണ വാക്സിൻ നാളെ എത്തും. വാക്സിനുമായുള്ള വിമാനം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നെടുമ്പാശ്ശേരി എയർപ്പോർട്ടിലും വൈകിട്ട് ആറിന് തിരുവനന്തപുരം എയർപോർട്ടിലും എത്തും. കേരളത്തിൽ 4,35,500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രം എത്തിക്കുന്നത്.
വാക്സിൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ വിവിധ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. എറണാകുളം ജില്ലയിൽ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം ബാക്കി ജില്ലകളിൽ 9 വീതം എന്നിങ്ങനെ 133 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയിൽ നിന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്ന് മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കും.
ഓരോ കേന്ദ്രങ്ങളിൽ നിന്നും ദിവസേന 100 പേർക്ക് വാക്സിൻ നൽകും. സർക്കാർ-സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. വാക്സിന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ ഒരുക്കാനാണ് സർക്കാർ നീക്കം. കൊറോണ രോഗികളുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.