THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സത്യപ്രതിജ്ഞ വെറും ചടങ്ങോ ? ഭരണഘടനാ ബാദ്ധ്യതയോ ? അഡ്വ: ശിവന്‍ മഠത്തില്‍ ...

സത്യപ്രതിജ്ഞ വെറും ചടങ്ങോ ? ഭരണഘടനാ ബാദ്ധ്യതയോ ? അഡ്വ: ശിവന്‍ മഠത്തില്‍ എഴുതുന്നു

ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ നിയോഗിക്കപ്പെടുന്ന അധികാരികള്‍ ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്ന രീതിയിലുള്ള സത്യപ്രതിജ്ഞ എടുക്കേണ്ടതായിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ്, നിയമസഭയിലേക്കും, പാര്‍ലമെന്റിലേയ്ക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരായി അവരോധിക്കപ്പെടുന്നവര്‍, സുപ്രീം കോടതിയിലെയും, ഹൈക്കോടതിയിലേയും ന്യായാധിപര്‍, കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ ഓഫ് ഇന്ത്യ തുടങ്ങിയവരാണ് ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ടത്. ഇത്തരത്തില്‍ അധികാര സ്ഥാനത്തിലെത്തുന്നവര്‍ ഏതു രീതിയിലുള്ള പ്രതിജ്ഞയെടുക്കണമെന്ന് ഭരണഘടനയില്‍ തന്നെ (വിവിധ ഷെഡ്യൂള്‍) വിഭാവന ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി പ്രതിജ്ഞയെടുത്താല്‍ അതിനു നിലനില്‍പ്പില്ല, അത് ഭരണഘടമാവിരുദ്ധവുമാണ്. ഭരണഘടന വിഭാവന ചെയ്യുന്ന രീതിയില്‍ മാത്രമേ നിയമസഭ സാമാജികരും മന്ത്രിമാരും സത്യപ്രതിജ്ഞയെടുക്കാവൂ എന്നും മറിച്ചായാല്‍ അത് ഭരണഘടനാ വിരുദ്ധവുമായിരിക്കുമെന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 2003ലെ ഉമേഷ് ചള്ളിയിലിന്റെ കേസ്സില്‍ (AIR- 2003-KER-328) കേസ്സില്‍ വിധി പ്രഖ്യപിച്ചിട്ടുള്ളതാണ്. ഈ വിധി പിന്നീട് സുപ്രീം കോടതി ശരിവയ്ക്കുകയുണ്ടായി.

കഴിഞ്ഞ 20-ാം തീയതി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായി 15-ാം കേരള നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ച 20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത രീതിയും, പ്രതിജ്ഞാവാചകം ഗവര്‍ണര്‍ ചൊല്ലിക്കൊടുത്തതും പരിശോധിച്ചാല്‍ ഭരണഘടനയുടെ 3-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്ഥമായാണ് പ്രതിജ്ഞയെടുത്തതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായത് ബഹു. മുഖ്യമന്ത്രിയുടേയോ, തെരഞ്ഞെടുക്കപ്പെട്ട മറ്റു മന്ത്രിമാരുടേയോ പക്ഷത്തു നിന്നുണ്ടായ ബോധപൂര്‍വ്വമായ വീഴ്ചയല്ലെന്ന് നമുക്ക് മനസ്സിലാകും. എന്നാല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ബഹു. ഗവര്‍ണ്ണറുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്നു വിലയിരുത്തിയാലും അതും ബോധപൂര്‍വ്വമല്ലെന്നു നമുക്ക് വിലയിരുത്തേണ്ടിവരും.
പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവ് കാലാകാലങ്ങളില്‍ അധികാരത്തില്‍ വരും. നിശ്ചിത കാലയളവ് കഴിയുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ജനവിധിതേടി വീണ്ടും മറ്റൊരു ഭരണസംവിധാനം നിലവില്‍ കൊണ്ടുവരും. എന്നാല്‍ സംസ്ഥാനത്ത് ഒരു നിയമ വകുപ്പും നിയമവകുപ്പ് സെക്രട്ടറിയും മറ്റ് ബന്ധപ്പെട്ട് നിയമവിദഗ്ദ്ധരും നിലവിലുണ്ട്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്കും, സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ട ഗവര്‍ണ്ണര്‍ക്കും ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്ന രീതിയില്‍ സത്യപ്രതിജ്ഞയെടുക്കേണ്ട സാഹചര്യമൊരുക്കേണ്ടത് ഇവരുടെ കടമയും, നിയമപരമായ ബാദ്ധ്യതയുമാണ്.

ഭരഘടനയിലെ തേഡ് ഷെഡ്യൂളില്‍ നിഷ്‌ക്കര്‍ഷിക്കുന്ന സത്യപ്രതിജ്ഞ

Form of oath of office for a minister for a state “ I, A.B., do swear in the  name of God

                                                                                          solemnly affirm

that I will hear true faith and allegiance  to the Constitution of India as by law established, that I will uphold the sovereignty and integrity of India,  that I will faithfully and conscientiously discharge my duties as a minister for the State of Kerala and that I will do right to all manner of people in  accordance with the constitution and the law without fear or favour, affection or ill will.

 മുകളില്‍ സൂചിപ്പിച്ചതിന്റെ മലയാള പരിഭാഷയായിരിന്നു അന്നേദിവസം ഗവര്‍ണ്ണര്‍ ചൊല്ലിക്കൊടുത്തത്.
പ്രതിജ്ഞയെടുക്കുന്നയാള്‍ ദൈവവിശ്വാസിയാണെങ്കില്‍ ദൈവനാമത്തില്‍ (പക്ഷേ ദൈവനാമത്തിനുപകരം ഏതെങ്കിലും ദൈവത്തിന്റെ പേര് പറയാന്‍ പാടില്ല), ദൈവവിശ്വാസിയല്ലെങ്കില്‍ ‘സ്വന്തം നാമത്തില്‍’. ഗവര്‍ണ്ണര്‍ മൊത്തം പ്രതിജ്ഞാ വാചകവും ചൊല്ലണം, അത് മന്ത്രിയാകുന്നയാള്‍ ഏറ്റു പറയുകയും വേണം. അതിവിടെ ഉണ്ടായിട്ടില്ല. ഗവര്‍ണ്ണര്‍ ആദ്യവാക്കായ ഞാന്‍ (I) മാത്രം ഉച്ചരിച്ചു. മറ്റൊന്ന് ദൃഢപ്രതിജ്ഞയാണെടുക്കേണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ സഗൗരവം സത്യം ചെയ്യുന്നുവെന്നാണ് ചൊല്ലിയത്. കൂടാതെ ദൈവവിശ്വാസമില്ലാത്തവര്‍ സ്വന്തം നാമത്തില്‍ പ്രതിജ്ഞയെടുത്തുമില്ല. പ്രതിജ്ഞയെടുക്കുകയെന്നത് മനസ്സുകൊണ്ടുള്ള സമര്‍പ്പണമാണ്. ഞാന്‍ ഭരണഘടനയെയും, നിയമങ്ങളെയും അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പൊതുസമൂഹത്തിന് ഉപാധികളില്ലാതെ നല്‍കുന്ന ഉറപ്പാണ്.(Social contract with constitutional obligation).  സത്യം ചെയ്യുന്നുവെന്നത് സത്യപ്രതിജ്ഞ അഥവാ ദൃഢപ്രതിജ്ഞയെന്നതിന് പകരമല്ല.


ഭരണഘടനയില്‍ മന്ത്രിമാര്‍ (Council of Ministers) എന്ന രീതിയിലേ പ്രതിജ്ഞയെടുക്കുന്നുള്ളൂ. മുഖ്യമന്ത്രി എന്നനിലയില്‍ പ്രതിജ്ഞയില്ല. എന്നാല്‍ 20-ാം തീയ്യതി ഗവര്‍ണര്‍ ചൊല്ലിക്കൊടുത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ ശ്രീ. പിണറായി വിജയന്‍ എന്നായിരുന്നു. ഒറ്റകക്ഷി ഭരണമല്ല മറിച്ച് കൂട്ടുമന്ത്രിസഭയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ വിജയിച്ച നിയമസഭാസാമാജികര്‍ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കണം. ആ വിവരം ഗവര്‍ണറെ അറിയിക്കുകയും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം അദ്ദേഹത്തിന് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രിസഭാ രൂപീകരണത്തിന് അനുവാദവും നല്‍കണം.

മന്ത്രിമാര്‍ എടുക്കേണ്ട മറ്റൊരു പ്രതിജ്ഞയായ oath of secrecy (രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കല്‍) യും മുകളില്‍ സൂചിപ്പിച്ച രീതിയില്‍ തന്നെയായിരുന്നു. നിയമസഭയിലേക്ക് മത്സരിക്കുന്ന ഓരോ പ്രതിനിധിയേയും ജനങ്ങള്‍ സമ്മദിദാനാവകാശം നല്‍കുന്നത് ഇന്ന വകുപ്പിലെ മന്ത്രിയെന്ന നിലയില്‍ അല്ല മറിച്ച് നിയമസഭാസാമാജികനാകാനാണ്. അതായാല്‍ മാത്രമേ അടുത്ത ഘട്ടത്തിലെ നടപടിയായ ഓരോവകുപ്പിന്റേയും മന്ത്രിയുടെ പ്രശ്‌നം വരുന്നുള്ളൂ. എന്നാല്‍ ഭരണഘടനയുടെ അനുഛേദം 164(4) പ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാള്‍ക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കുന്നു. എന്നാല്‍ ആറു മാസത്തിനുള്ളില്‍ ആ വ്യക്തി നിയമസഭയിലേയ്ക്ക് മത്സരിച്ച് നിയമസഭാ സാമാജികനായി തീര്‍ന്നിരിക്കണം. അല്ലാത്ത പക്ഷം ആറു മാസം കഴിയുന്ന വേളയില്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയണം. ഭരണഘടനാ തത്വമനുസരിച്ച് ജനങ്ങള്‍ Mandate നല്‍കുന്നത് നിയമസഭാസാമാജികനാകാനാണ്. ജയിച്ചുകഴിഞ്ഞാല്‍ ആദ്യം സത്യപ്രതിജ്ഞയെടുക്കേണ്ടത് നിയമസഭാസാമാജികനായിട്ടാണ്. ഇവിടെ മത്സരിച്ചു ജയിച്ചു വന്നു മന്ത്രിയായ 21 പേര്‍ക്കും ഭരണഘടനയുടെ 164(4)ന്റെ പരിരക്ഷയില്ല. കാരണം അവര്‍ ജനാധിപത്യരീതിയില്‍ ജനങ്ങളുടെ Mandate കിട്ടിയവരാണ്. അങ്ങനെയെങ്കില്‍ നിയമസഭാസാമാജികനായി സത്യപ്രതിജ്ഞയെടുത്ത ശേഷമേ അവരില്‍ നിന്ന് മന്ത്രിമാരായി തെരഞ്ഞെടുത്തവര്‍ മന്ത്രിയെന്ന നിലയിലുള്ള സത്യപ്രതിജ്ഞയെടുക്കാവൂ.
ഭരണഘടനയുടെ അനുഛേദം 188 പ്രകാരം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടയാള്‍ നിയമസഭാ സാമാജികനായി സഭയ്ക്കുള്ളില്‍ കടക്കണമെങ്കില്‍ ഗവര്‍ണറുടെ മുമ്പിലോ, അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളിന്റെ മുമ്പിലോ ഭരണഘടനയുടെ 3-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന രീതിയില്‍ സത്യപ്രതിജ്ഞയെടുക്കണം. എങ്കില്‍ മാത്രമേ അദ്ദേഹത്തിന് സഭയ്ക്കുള്ളില്‍ കടക്കാനും ഭരണഘടനയുടെ അനുഛേദം 212 പ്രകാരമുള്ള സംരകഷണം ലഭിക്കുകയുള്ളൂ. എന്നാല്‍സഭയ്ക്കുള്ളില്‍ കടന്നതിനു ശേഷമാണ് പ്രോട്ടേം സ്പീക്കറുടെ മുമ്പില്‍ സത്യപ്രതിജ്ഞയെടുക്കുന്നത്. ഈ രീതി ഭരണഘടനാ തത്വങ്ങളോടു യോജിച്ചു പോകുന്നതല്ല.

ഇനി മറ്റൊരു ഗൗരവമുള്ളൊരു കാര്യം. സത്യപ്രതിജ്ഞ എവിടെ വച്ച് നടത്തണമെന്നുള്ളതാണ്. ഇന്ത്യയുടെ ചീഫ്ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാചടങ്ങുപോലും രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതിയുടെ മുമ്പിലാണ്. ഹൈക്കോടതി ചീഫ്ജസ്റ്റീസിന്റെ സത്യപ്രതിജ്ഞയും ഗവര്‍ണറുടെ മുമ്പില്‍ അദ്ദേഹത്തിന്റെ ഓഫീസായ രാജ്ഭവനില്‍ വച്ചാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞയും രാജ്ഭവനില്‍ വച്ച് ഗവര്‍ണറുടെ മുമ്പിലായിരിക്കണമെന്നുള്ളതാണ് യുക്തി സാഹചര്യവും ഭരണഘടനാമൂല്യങ്ങളോടു യോജിച്ചു പോകുന്നതും. സത്യപ്രതിജ്ഞ ആഘോഷമാക്കി, പാര്‍ട്ടി സമ്മേളനം പോലെ നടത്തുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് യോജിച്ചതല്ല.
മുകളില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെയും, മറ്റ് മന്ത്രിമാരേയും ഇകഴ്ത്തികാട്ടാനോ, മറ്റേതെങ്കിലും രാഷ്ട്രീയ താല്‍പര്യം വച്ചുകൊണ്ടുമല്ല. മറിച്ച് ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളേയും മാനിക്കാനും അക്ഷരം പ്രതി പാലിക്കാനും ഏതൊരധികാരിയും കടപ്പെട്ടിരിക്കുന്നു എന്ന് ഓര്‍ക്കേണ്ടതാണ്.. അതില്‍ നിന്നുള്ള വ്യതിയാനം ഒരു രീതിയിലും കരണീയമല്ല.

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഭരണഘടനാസംരക്ഷണത്തിനു ആഹ്വാനം ചെയ്ത വ്യക്തിയാണ്. ഭരണഘടനയേയും, ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കുകയും, ഭരണഘടനാ കോടതിവിധികള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ നടപ്പിലാക്കുകയും ചെയ്യുന്നയാളാണെന്നുള്ളതില്‍ യാതൊരു തര്‍ക്കവും ഇല്ല. ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണം ജനാഭിലാഷമനുസരിച്ച് മുമ്പോട്ടു കൊണ്ടുപോകുവാന്‍ എല്ലാവിധ തയ്യാറെടുപ്പുകളും സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ അറിവിലേയ്ക്കും, തക്കതായ നടപടികളിലേയ്ക്കും ഞാനീ എളിയ ലേഖനം സമര്‍പ്പിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിരുന്ന ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു ദുഷാപേരുണ്ടാക്കിയെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഇവിടെ 20-ാം തീയതിയിലെ സത്യപ്രതിജ്ഞാചടങ്ങിലെ ചില പിഴവുകളും ഇത്തരത്തില്‍ ഉത്തരവാദപ്പെട്ട ചില അധികാരികളുടെ അലംഭാവം കൊണ്ടോ, അറിവാല്ലായ്മ കൊണ്ടോ സംഭവിച്ചതാണ്. ഇനിയും അങ്ങനെ ഉണ്ടാകാതിരിക്കട്ടെ.

                                 ലേഖകന്‍ : അഡ്വ: ശിവന്‍ മഠത്തില്‍

e-mail:   [email protected]

                                 Mob   :  +919447260688

(ലേഖകന്‍ ഹൈക്കോടതിയിലേയും. സുപ്രീംകോടതിയിലേയും അഭിഭാഷകനാണ്.)

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments