തിരുവനന്തപുരം: കേരളത്തിൽ കൊറോണ വാക്സിൻ വിതരണം ചെയ്യുന്നതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ആദ്യം വാക്സിൻ നൽകുക ആരോഗ്യ പ്രവർത്തകർക്ക് ആയിരിക്കും. ഐഎംസിആറിന്റെ നിർദേശ പ്രകാരം കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു.
സർക്കാർ സ്വകാര്യ മേഖലയിലുള്ള മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ, ഡെന്റൽ തുടങ്ങി എല്ലാ ചികിത്സാ വിഭാഗങ്ങളിലെയും വിവരങ്ങൾ ശേഖരിക്കും. ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടാതെ അങ്കണവാടി പ്രവർത്തകർ, ഐ. സി. ഡി .എസ് സൂപ്പർവൈസർമാർ, സി.ഡി.പി.ഒമാർ തുടങ്ങി കൊറോണ സന്നദ്ധ പ്രവർത്തകരുടെ വിവരവും ജില്ല അടിസ്ഥാനത്തിൽ ശേഖരിക്കുന്നുണ്ട്. പോലീസിനും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന മറ്റ് വിഭാഗങ്ങൾക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ വിതരണം ചെയ്യും.
നിലവിൽ ഭാരത് ബയോടെക്കിന്റേയും സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെയും കൊറോണ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കേന്ദ്രത്തിന്റെ നിർദേശം അനുസരിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധ പ്രവർത്തകരുടേയും പട്ടിക തയ്യാറാക്കുന്നത്.