തൃശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴിയെടുത്തു. സംഗീത നാടക അക്കാദമി അപേക്ഷ നിരസിച്ച വിഷമത്തിലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതന്നാണ് രാമകൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴി. നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമാണ് രാമകൃഷ്ണന്‍. ഇന്നലെ രാത്രി 7 മണിയോടെയാണ് രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കേരള സംഗീത നാടക അക്കാദമി വേദി നിഷേധിച്ചുവെന്ന് രാമകൃഷ്ണന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

വേദി കൊടുക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും ആര്‍എല്‍വി രാമകൃഷ്ണനെ കൈയൊഴിഞ്ഞിട്ടില്ലെന്നും കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത പറഞ്ഞു. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായത് കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാടസ്വാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.