ഷിംല: ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കപാതയുടെ ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. ഒരുദിവസം തന്നെയാണ് മൂന്ന് അപകടങ്ങളും നടന്നതെന്നും ഇവ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ബി ആര്‍ ഒ(ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍) ചീഫ് എന്‍ജിനീയര്‍ ബ്രിഗേഡിയര്‍ കെ പി പുരുഷോത്തമനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗതാഗത നിയമങ്ങള്‍ പൂര്‍ണമായി അവഗണിച്ച്, വിനോദസഞ്ചാരികളും യാത്രികരും വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരങ്കപാതയ്ക്കുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ ആര്‍ക്കും അനുമതിയില്ലെന്നും പുരുഷോത്തമന്‍ വ്യക്തമാക്കി.

പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ തുരങ്കത്തിനുള്ളിലെ അപകടകരമായ വാഹനമോടിക്കല്‍ തടയാന്‍, ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയായതിനു ശേഷം തുരങ്കപാതയ്ക്കുള്ളില്‍ ട്രാഫിക് പോലീസിനെ വിന്യസിക്കണമെന്ന് അഭ്യര്‍ഥിച്ചതായും പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുരങ്കപാത ഉദ്ഘാടനം ചെയ്തത്. അടല്‍ തുരങ്ക പാത നിലവില്‍ വന്നതോടെ മണാലിയില്‍നിന്ന് ലേയിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറഞ്ഞിട്ടുണ്ട്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരുകയുമാകാം.