തൃശൂര്‍: റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന അമ്പിളിക്കല ഹോസ്റ്റലില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. കഞ്ചാവ് കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ ആറു ജയില്‍ ജീവനക്കാരെ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ കലവൂര്‍ മഠത്തിപ്പറമ്പില്‍ എം എസ് അരുണ്‍ (35), പാലക്കാട് കൊല്ലങ്കോട് വ്യാപാരിച്ചെള്ള വീട്ടില്‍ വി എസ്. സുഭാഷ് (24), അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ എറണാകുളം ഞാറയ്ക്കല്‍ തുമ്പപ്പറമ്പില്‍ ടിവി വിവേക് (30), ചെറായി മുരിക്കപ്പറമ്പില്‍ എംആര്‍ രമേഷ് (33), കോട്ടയം ചെമ്പ് നടുവത്തേഴത്ത് പ്രതീഷ് (32), അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് തിരുവനന്തപുരം ഇളമ്പ പുതുവല്‍വിള അതുല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ ആരോപിതരായ ആറുപേരെയും ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മേല്‍നോട്ടപ്പിഴവിന് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ റിജു എന്നിവരും നേരത്തേ സസ്‌പെന്‍ഷനിലായിരുന്നു.

മര്‍ദനവിവരം വാര്‍ത്തയായതോടെ ഡിജിപി അമ്പിളിക്കല കേന്ദ്രം അടച്ചുപൂട്ടി ജയില്‍ വളപ്പിനുള്ളില്‍ത്തന്നെ വേറെ നിരീക്ഷണ കേന്ദ്രം തുറന്നു. തിരിച്ചറിയല്‍ പരേഡ് ഉണ്ടാവുമെന്നതിനാല്‍ മുഖം മറച്ചാണ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ക്രൂരമര്‍ദനത്തിനിരയായതായി ഇരുപതോളം പേര്‍ പൊലീസിനും െ്രെകംബ്രാഞ്ചിനും മൊഴി നല്‍കി. വാഹനമോഷണക്കേസില്‍ പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അതിക്രൂരമായി മര്‍ദിച്ചത് വിവാദമായിരുന്നു. ഈ കേസിലാണ് ഡിജിപി ഋഷിരാജ് സിങ് രണ്ടു ജയില്‍ ജീവനക്കാരെയും സൂപ്രണ്ടിനെയും ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. വനിതാ തടവുകാരെ മറ്റുള്ളവര്‍ കാണുംവിധം വിവസ്ത്രരാക്കി, തടവുകാരുടെ മുന്നില്‍ മദ്യപിച്ചു തുടങ്ങിയ ആരോപണങ്ങളും ഉണ്ടായി. ഇതിലെല്ലാം അന്വേഷണം തുടരുകയാണെന്നു െ്രെകംബ്രാഞ്ച് അറിയിച്ചു.
10 കിലോഗ്രാം കഞ്ചാവുമായി സെപ്റ്റംബര്‍ 29ന് അറസ്റ്റിലായ തിരുവനന്തപുരം പള്ളിക്കുന്നില്‍ പുത്തന്‍വീട് ഷെമീറിനെ (31) 30നു രാത്രിയാണ് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പിറ്റേന്നു തന്നെ മരണവും സംഭവിച്ചു. അപസ്മാര രോഗിയായ ഷെമീര്‍ വീണു പരിക്കേറ്റു എന്നാണ് ആശുപത്രിയില്‍ ജയില്‍ അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ ശരീരത്തില്‍ ഒട്ടേറെ മുറിവുകള്‍ കണ്ടത് സംശയത്തിനിട നല്‍കി. 40 മുറിവുകള്‍ മൂലമുണ്ടായ ആന്തരികക്ഷതവും തലയ്‌ക്കേറ്റ ക്ഷതവുമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലിലും പൊട്ടലുണ്ടായി. ഒരു രാത്രിയും പകലും ഷെമീര്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി ഭാര്യ അടക്കമുള്ളവരുടെ മൊഴികളും ലഭിച്ചു.