തിരുവനന്തപുരം: സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയും ഫെമിനിസ്റ്റുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ (25) സൈബര്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ െ്രെകം സ്‌റ്റേഷന്‍ ഡി.വൈ.എസ്.പി ശ്യാംലാലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജാണ് ഹര്‍ജി നല്‍കിയത്.

കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍ പൊലീസ് എഫ് ഐ ആര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കുന്നുവെന്നായിരുന്നു മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതി. ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകള്‍ ചുമത്തിയുള്ള എഫ് ഐ ആറാണ് പോലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം താമസ സ്ഥലത്ത് എത്തി കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നിരുന്നു.