കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ച് നടി പാര്‍വ്വതി തിരുവോത്ത്. നടി ഭാവനയെ അപമാനിക്കുന്ന അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് താരം രാജി പ്രഖ്യാപിച്ചിരിക്കുന്നത്. അമ്മ ട്വന്റി ട്വന്റി മോഡലില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഭാവന ഉണ്ടാകുമോ എന്ന ചാനല്‍ ചോദ്യത്തിന്, മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്നാണ് ഇടവേള ബാബു മറുപടി നല്‍കിയത്. ഫേസ്ബുക്കിലാണ് പാര്‍വ്വതി അമ്മ അംഗത്വം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിക്കത്ത് ഫേസ്ബുക്കില്‍ അമ്മയ്ക്കും ഇടവേള ബാബുവിനും എതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയാണ് പാര്‍വ്വതി രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

പാര്‍വ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ അമ്മയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ അമ്മ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചു പോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു… എന്നാണ് പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
അമ്മ സംഘടനയ്ക്ക് വേണ്ടി നേരത്തെ ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ ഭാവന ഒരു പ്രധാന വേഷം ചെയ്തിരുന്നു. എന്നാല്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവന ഉണ്ടാകില്ലെന്നാണ് ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സ് എന്ന അഭിമുഖ പരിപാടിയില്‍ അമ്മ ഭാരവാഹി കൂടിയായ ഇടവേള ബാബു പറഞ്ഞത്. ”ഭാവന ഇപ്പോള്‍ അമ്മയില്‍ ഇല്ല. നേരത്തെ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. അത് പോലെയാണ്. അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല എന്നേ തനിക്ക് പറയാനാവൂ…” എന്നായിരുന്നു ബാബുവിന്റെ കമന്റ്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ രമ്യാ നമ്പീശനും ഗീതു മോഹന്‍ദാസും അടക്കമുളളവര്‍ അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു. ഇവരെ തിരിച്ചെടുക്കാന്‍ അമ്മ ഇതുവരെ തയ്യാറായിട്ടില്ല. പാര്‍വ്വതിയും രേവതിയും അടക്കമുളളവര്‍ അമ്മയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.