കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍ ഉദ്യോഗസ്ഥര്‍ക്ക് നിബന്ധനകളോടെ ഒരു ദിവസത്തെ അനുമതി നല്‍കി. രണ്ടു ഹര്‍ജികളാണ് കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതി പരിഗണിച്ചത്. ഒന്ന് ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യ ഹര്‍ജിയാണ്. മറ്റൊന്ന് പ്രതിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയാണ്.

ജാമ്യഹര്‍ജി തള്ളിയതോടെ വിജിലന്‍സിന്റെ ഹര്‍ജി കോടതി പരിഗണിച്ചു. ചോദ്യം ചെയ്യാന്‍ ഒരു ദിവസത്തെ അനുമതി നല്‍കുകയാണ് കോടതി ചെയ്തത്. ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനുട്ട് വിശ്രമം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യല്‍ സംഘത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേ പൂടുള്ളൂവെന്നും കോടതി പറഞ്ഞു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അവസരം വേണമെന്നാണ് പിന്നീട് വിജിലന്‍സ് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിച്ചു.

ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം. നവംബര്‍ 30നാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യുക. രാവിലെ ഒമ്പത് മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം. കൊറോണ പരിശോധന നടത്തിയ ശേഷമേ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്താകൂ. ചികില്‍സ തടസപ്പെടുത്തരുത്. കോടതിയുടെ ഉത്തരവ് ആശുപത്രി അധികൃതരെ കാണിക്കണം. പീഡനം പാടില്ലെന്ന നിബന്ധനയും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.
തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് പറയുന്നു. ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹീം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്‌സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്‌സ് ആന്റ് ബ്രഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പേറഷന്‍ കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.