കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇന്ന് എറണാകുളം ഡി എം ഒക്ക് സമര്‍പ്പിക്കുക. തുടര്‍ന്ന് റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ഡി എം ഒ കൈമാറും.

കഴിഞ്ഞ ദിവസം കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിദഗ്ധ സംഘം ഇബ്‌റാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കുകയും ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് വിവരങ്ങള്‍ ആരായുകയും ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. നാളെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും ഇബ്‌റാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക.
