കൊച്ചി: ഇന്ത്യയുമായി സൗഹാര്‍ദം പുലര്‍ത്തുന്ന രാജ്യമായ ഇറാഖിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കേസില്‍ തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ സുബഹാനി ഹാജാ മൊയ്തീന്‍ (34) കുറ്റക്കാരനെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ 28നു വിധിക്കും.

സഖ്യരാഷ്ട്രത്തിന് എതിരെ ഇന്ത്യന്‍ പൗരന്‍ യുദ്ധം ചെയ്ത സംഭവത്തില്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. ഭീകര സംഘടനയായ ഐ.എസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ പോരാടിയെന്നാണ് കേസ്. എസ്പി എ.പി ഷൗക്കത്തലിയാണ് കേസ് അന്വേഷിച്ചത്. കേസില്‍ എന്‍.ഐ.എ കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. എന്‍ഐഎ അന്വേഷിക്കുന്ന മറ്റു യു.എ.പി.എ കേസുകളിലും സുബഹാനി പ്രതിയാണ്.

2016ല്‍ കണ്ണൂര്‍ കനകമലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പിടികൂടിയവര്‍ക്കൊപ്പമാണ് സുബഹാനിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.