തിരുവനന്തപുരം: 24 മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനക്ക് ശേഷം ബിനീഷ് കോടിയേരിയുടെ മരുതുംകുഴിയിലെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ വീടിനു മുന്‍പില്‍ വച്ച് കേരള പോലീസ് തടഞ്ഞു.

ഇ.ഡി, സി.ആര്‍.പി.എഫ്, കര്‍ണാടക പോലീസ് എന്നിവര്‍ക്കെതിരെ ബിനീഷിന്റെ ബന്ധുക്കള്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിനീഷിന്റെ കുട്ടിയുള്‍പ്പെടെയുള്ള കുടുംബത്തെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ബന്ധു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇ.ഡിയെയും സംഘത്തെയും തടഞ്ഞത്. അന്വേഷണ സംഘത്തിലുള്ളവരെക്കുറിച്ചുള്ള വിശദാശംങ്ങള്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് നല്‍കാമെന്നാണ് ഇ.ഡി അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇവരെ മടങ്ങാന്‍ അനുവദിക്കുകയായിരുന്നു.

സംഭവത്തില്‍ ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് കുഞ്ഞിനൊപ്പം വീടിന് പുറത്തിറങ്ങിയ ബിനീഷ് കോടിയേരിയുടെ ഭാര്യ ഇ.ഡിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചു. വീട്ടില്‍നിന്നും കണ്ടെടുക്കാത്ത രേഖകള്‍ മഹസറിലെഴുതി ഒപ്പിട്ടു നല്‍കാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ ആരോപിച്ചു. ബിനീഷ് കോടിയേരി ബോസും ഡോണുമല്ല, തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ മാത്രമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് ഭാര്യ പറഞ്ഞു.
റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാര്‍ഡ് കിട്ടിയെന്നും അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അത് ഉദ്യോഗസ്ഥര്‍ ഇവിടെ മനഃപൂര്‍വം കൊണ്ടിട്ടതാണ്. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാല്‍ കാര്‍ഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ജീവന്‍ പോയാലും ഒപ്പിടില്ല. കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാര്‍ഡല്ലാതെ ഒന്നും തന്നെ ഇവിടെനിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോണ്‍ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.