തിരുവനന്തപുരം : സഭാ തര്‍ക്കം പരിഹരിക്കുന്നതിന് കരട് ബില്ല് തയ്യാറാക്കി സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍. ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയിലാണ് ബില്ല് തയ്യാറാക്കിയത്. ഓര്‍ത്തോഡോക്‌സ് യാക്കോബായവിഭാഗങ്ങൾക്കിടയിൽ തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ അവിടെ ഭൂരിപക്ഷം നോക്കി ഉടമസ്ഥാവകാശത്തില്‍ തീരുമാനമെടുക്കണം എന്നാണ് ബില്ലില്‍ പ്രതിപാദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ കരട് ബില്ല് തയ്യാറാക്കിയത്.


ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് തീരുമാനമെടുക്കുന്നതിനായി റഫറണ്ടം നടത്തണം എന്നും മലങ്കര പള്ളികളുടെ ഉടമസ്ഥ അവകാശവും വിശ്വാസവും സംരക്ഷിക്കുന്നതിന് ഉള്ള ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉള്ള മൂന്നംഗ സമിതിയാണ് റഫറണ്ടം നടത്തേണ്ടത്. സമിതിയിലില്‍ ഇരുസഭകളുടേയും പ്രതിനിധികളും ഉണ്ടായിരിക്കണം. മേല്‍പറഞ്ഞ അതോറിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടത് ആരൊക്കെയാണെന്നത് സംബന്ധിച്ച പട്ടിക നല്‍കാന്‍ ഇരുസഭകളും തയ്യാറായില്ലെങ്കില്‍ അതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാവും.


അതോറിറ്റിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാ വിശ്വാസികളും ബാധ്യസ്തരായിരിക്കും. ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ പള്ളിയില്‍ തങ്ങള്‍ക്ക് ആണ് ഭൂരിപക്ഷം എന്ന് വ്യക്തമാക്കി സഭാ വിശ്വാസികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കാം. റഫറണ്ടം കഴിയുന്നത് വരെ ഒരു പള്ളികളില്‍ നിന്നും ആരെയും ഒഴിപ്പിക്കരുത് എന്നും കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ല്‍ സുപ്രീംകോടതി പുറപ്പടിവിച്ച വിധിയനുസരിച്ച് 1934 ലെ സഭാ ഭരണഘടന പ്രകാരമാണ് പള്ളികളില്‍ ഭരണം നടക്കേണ്ടത്. എന്നാല്‍ സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത രേഖ ആയതിനാല്‍, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കരട് ബില്ല് ചൂണ്ടിക്കാട്ടുന്നു. വിശ്വാസികള്‍ നല്‍കുന്ന പണവും സംഭാവനകളും കൊണ്ടാണ് പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയത്. 2017 ലെ സുപ്രീം കോടതി വിധിക്ക് ശേഷവും മലങ്കര സഭയുടെ ഓര്‍ത്തോഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്ക് ഇടയില്‍ തര്‍ക്കം തുടരുകയാണ്. ആചാരങ്ങള്‍ സംബന്ധിച്ച തര്‍ക്കവും തുടരുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശനങ്ങള്‍ക്ക് വഴിവയ്ക്കുകയാണ് എന്നും ബില്ലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് കരട് ബില്ല് തയ്യാറാക്കിയെന്ന് പറയുമ്പോഴും ബില്ലിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ശബരിമലയില്‍ നിയമ നിര്‍മ്മാണം സാധ്യമല്ലെന്ന നിലപാട് സ്വീകരിക്കുകയും എന്നാല്‍ മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്യുമ്പോള്‍ അത് തിരിച്ചടിയാകുമോ എന്ന ആശങ്കയും സംസ്ഥാന സര്‍ക്കാരിനുണ്ട്.
ഇതിനിടെ സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും അനുകൂലിച്ച് യാക്കോബായ പക്ഷവും രംഗത്ത് എത്തി . ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.