തിരുവനന്തപുരം :പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അനിശ്ചിതകാല നിരാഹാര സമരവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന നേതാക്കളായ ഷാഫി പറമ്പിലും കെ.എസ്. ശബരിനാഥനും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സിന്റെയും സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽപെട്ടവരുടെയും സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.


പിണറായി സർക്കാരിന്റെ യുവജനവഞ്ചനക്കെതിരെ പോരാടുന്ന യുവതയ്ക്ക് ഐക്യദാർഢ്യമായി യൂത്ത് കോൺഗ്രസ്സ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാഫി പറമ്പിൽ .കേരളത്തിൽ ബന്ധു നിയമനങ്ങളുടെയും പിൻവാതിൽ നിയമനങ്ങളുടെയും വേലിയേറ്റ സമയമാണിപ്പോൾ.എന്നാൽ PSC പരീക്ഷ പാസ്സായ ചെറുപ്പക്കാരെ ഒരു ബാധ്യതയായിട്ട് കാണുന്ന സർക്കാർ,തൊഴിലിന് വേണ്ടി പൊരുതുന്ന ചെറുപ്പക്കാരെ ആക്ഷേപിക്കുകയാണ് .
രാഷ്ട്രീയ ചാപ്പ കുത്തി അവരുന്നയിക്കുന്ന പ്രശ്നങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ല .ഞാനും യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്
ശബരിനാഥ് എം എൽ എ യും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു .


ന്യായമായ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ഉടൻ ഇടപെടണമെന്ന് നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. യുവാക്കളുടെ പോരാട്ടത്തെ ആക്ഷേപിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം ഇന്നേക്ക് 20 ദിവസം പിന്നിട്ടു. 22 മുതൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. സമരം അവസാനിപ്പിക്കുന്നതിനായി ഡി. വൈ.എഫ്. ഐ. മുൻകെെയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായിനടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു