തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഓര്‍ത്തോ വിഭാഗം ഐ.സി.യുവില്‍ തുടരുന്നു. ശിവശങ്കറിന്റെ ചികിത്സക്കായി രൂപവത്ക്കരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരുന്നുണ്ട്. തുടര്‍ചികിത്സ സംബന്ധിച്ച് ഇതിനു ശേഷമാണ് തീരുമാനമുണ്ടാകുക.
നിലവില്‍ ശിവശങ്കര്‍ ഐ.സി.യുവില്‍ തന്നെ നിര്‍ത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരാണുള്ളത്. കസ്റ്റംസിന്റെ തുടര്‍ നടപടികള്‍ ഡോക്ടര്‍മാരുടെ തീരുമാനത്തിന് ശേഷമാണ് ഉണ്ടാവുക. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ശിവശങ്കറിന്റെ വീട്ടിലെത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് സംഘം തന്നെ കരമനയിലെ പി.ആര്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇ.സി.ജിയില്‍ വ്യത്യാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു.
അതേസമയം മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. കസ്റ്റംസ് സംഘം ആശുപത്രിയില്‍ എത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാലുടന്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ജാമ്യഹരജി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.