കൊച്ചി: മധ്യകേരളത്തില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലയാണ് എര്‍ണാകുളം. തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ പിന്തുണയാണ് ജില്ല നല്‍കിയത്. സിറ്റിങ് എംഎല്‍എമാരെല്ലാം മത്സരിക്കുന്ന വിധത്തിലാണ് ഇക്കുറിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയിലെ 14 സീറ്റുകളില്‍ 11 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ഏഴ് സിറ്റിങ് സീറ്റുകളിലും നിലവിലെ സ്ഥാനാര്‍ഥികള്‍ തന്നെ തുടരാനാണ് സാധ്യത. സിറ്റിങ് സീറ്റുകളില്‍ പ്രചാരണം ആരംഭിക്കാന്‍ കെപിസിസി നേതൃത്വം എംഎല്‍എമാര്‍ക്ക് പ്രാഥമിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളത്ത് ടി ജെ വിനോദ്, പറവൂരില്‍ വിഡി സതീശന്‍, അങ്കമാലിയില്‍ റോജി എം ജോണ്‍, ആലുവയില്‍ അന്‍വര്‍ സാദത്ത്, പെരുമ്ബാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി, തൃക്കാക്കരയില്‍ പിടി തോമസ്, കുന്നത്തുനാട്ടില്‍ വിപി സജീന്ദ്രന്‍ എന്നിവരാകും വീണ്ടും മത്സരിക്കുന്നത്.
പൊതുവേ കോണ്‍ഗ്രസ് അനുകൂല മണ്ഡലമെന്നാണ് കൊച്ചിയെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതന്‍ കെ ജെ ലീനസ് പിടിച്ച 7588 വോട്ടുകളുടെ കൂടി ബലത്തിലാണ് കെ ജെ മാക്‌സി 1086 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറിയത്.
കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ കുപ്പായം തേച്ച് തയാറായവര്‍ നിരവധിയാണെങ്കിലും മുന്‍ മേയര്‍ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് നേതാവ് ജോസഫ് മാർട്ടിൻ , ഡിസിസി സെക്രട്ടറി സ്വപ്ന പെട്രോണിക്‌സ് എന്നിരാണ് അവസാന റൗണ്ടിലേക്ക് ഓടിക്കയറിയത്. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞാൽ ജോസഫ് മാർട്ടിൻ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത..
