കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ്പറഞ്ഞത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്നുളള പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തളളി. കണ്ണൂര്‍ പിണറായിയിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തങ്ങളെ സംബന്ധിച്ച് ഒരു ചരിത്ര വിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരണം ഇത് പോലൊരു തിരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഏകോപിച്ച് ഞങ്ങളെ നേരിടാന്‍ തയ്യാറെടുക്കുകയും അതിന് ആവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്ത് കൊടുക്കുകയും ചെയ്തതാണ് ഈ തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവര്‍ക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ കൊണ്ട് തങ്ങളെ ചെറിയ തോതില്‍ ക്ഷീണിപ്പിക്കാമെന്നും ഒന്ന് ഉലയ്ക്കാം എന്നുമായിരുന്നു. പക്ഷേ പതിനാറാം തിയ്യതി വോട്ടെണ്ണുമ്പോള്‍ മനസ്സിലാകും ആരാണ് ഉലഞ്ഞത് എന്നും ആരാണ് ക്ഷീണിച്ചത് എന്നും. ഐതിഹാസികമായ വിജയമായിരിക്കും എല്‍ഡിഎഫ് നേടാന്‍ പോകുന്നത്.. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് അവര്‍ക്ക് കടക്കണമെങ്കില്‍ കടക്കാമെന്നും അത്ര മാത്രമേ ഇപ്പോള്‍ പറയാനുളളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ ഘട്ടത്തില്‍ ഇതേ വരെ വോട്ട് ചെയ്തവര്‍ വലിയ തോതിലുളള പിന്തുണയാണ് എല്‍ഡിഎഫിന് നല്‍കിയിരിക്കുന്നത്. തങ്ങള്‍ ജയിക്കാന്‍ സാധ്യത ഇല്ലെന്ന് കണക്കാക്കിയ ചില പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. അത് പോലും തങ്ങളുടേതായി മാറാന്‍ പോവുകയാണ്. അതാണ് ഈ തിരഞ്ഞെടുപ്പെന്നും പിണറായി പറഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ കാര്യം പ്രത്യേകം പറയുന്നില്ല. അതെന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്നതും ജനങ്ങള്‍ കള്ളങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതും ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും പിണറായി വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പറയുന്നത് പ്രതിപക്ഷത്തിന് വേറൊന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് ചികിത്സ സൗജന്യമായിട്ടുളളത്. അങ്ങനെയുളള സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനുളള കുത്തിവെപ്പിന് പണം വാങ്ങണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കില്ല.
ഇതുവരെ സൗജന്യ ചികിത്സയാണ് നടത്തിയത്.അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ കുത്തിവെപ്പും. അതില്‍ ഒരു പെരുമാറ്റച്ചട്ടവും താന്‍ ലംഘിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. വെല്‍ഫയര്‍ ബന്ധത്തോടെ യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും ലീഗിന്റെ അടിത്തറ ഇതോടെ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് വോട്ടിന് വേണ്ടി ജമാഅത്തുമായി കൂട്ട് കൂടുന്ന അല്‍പ്പത്തമാണ് ലീഗും കോണ്‍ഗ്രസും കാണിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.