കൊച്ചി: എർണാകുളം വാഴക്കാലയിൽ കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോട്ടേർസ് ഓഫ് സെന്‍റ് തോമസ് എന്ന കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയായ സി. ജസീന തോമസിനെയാണ് (45) പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ സിസ്റ്റർ ജസീനയെ കാണാനില്ലായിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശിയാണ് സിസ്റ്റർ ജസീന തോമസ്.

കഴിഞ്ഞ മൂന്നു വർഷമായി കുസുമഗിരി ആശുപത്രിയിലായിരുന്നു ജോലി. രാവിലെ മുതൽ ജസീനയെ കാണാതായിരുന്നു. ഇക്കാര്യം മഠം അധികൃതർ പൊലീസിൽ അറിയിച്ചു. പിന്നീടുള്ള തിരച്ചിലിലാണ് മഠത്തിന് പുറകിലെ പാറമടയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കരയിൽ എത്തിച്ചത്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസ്റ്ററിന് 2011 മുതൽ മാനസികാസ്വാസ്ഥ്യമുണ്ടെന്നും, അതിനുള്ള ചികിത്സയിലായിരുന്നുവെന്നും മഠം അധികൃതർ പറയുന്നു.