സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ ഗാലറിയില്‍ ഓസ്ട്രേലിയന്‍ യുവതിയോടു വിവാഹാഭ്യര്‍ഥന നടത്തി, വൈറലായ ആ ഇന്ത്യന്‍ യുവാവ് ആരെന്നറിയണ്ടേ? ബംഗളൂരുവില്‍ നിന്നുള്ള ദിപന്‍ മണ്ഡല്യ ആണ് ആ യുവാവ്. ഓസ്ട്രേലിയക്കാരിയായ സുഹൃത്ത് റോസ് വിംബഷിനു മുന്നില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ഥന നടത്തുന്ന ദിപന്റെ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. 25,000 പേരുടെ സാന്നിധ്യത്തില്‍ വിവാഹാഭ്യര്‍ത്ഥനയോട് അവള് യേസ് എന്ന് മൂളുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും കിസ് ചെയ്യുന്നതും കെട്ടിപ്പിടിച്ച് ആശ്ലേഷിക്കുന്നതും വിഡിയോയില്‍ കണ്ടിരുന്നു.
പിന്നാലെയാണ് ഇവരുടെ പ്രണയത്തിനു പിന്നിലെ രസകരമായ കഥ പുറത്തുവന്നത്. ഇരുവര്‍ക്കുമിടയില്‍ സൗഹൃദം ഉടലെടുക്കുന്നതിനും കൂടുതല്‍ അടുക്കുന്നതിനും കാരണമായത് ക്രിക്കറ്റായതിനാലാണ് ദിപന്‍ വിവാഹാഭ്യര്‍ഥനയ്ക്ക് ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം തന്നെ തിരഞ്ഞെടുത്തത്. രണ്ടുപേരും സ്വന്തം രാജ്യങ്ങളെ പിന്തുണയ്ക്കുന്ന കടുത്ത ക്രിക്കറ്റ് ആരാധകരാണ്. നാലു വര്‍ഷം മുന്‍പ് ഓസ്ട്രേലിയയിലെത്തിയ ദിപന്‍, രണ്ടു വര്‍ഷമായി മെല്‍ബണിലേക്കു മാറിയിട്ട്.
മെല്‍ബണിലെ ദിപന്റെ താമസസ്ഥലത്തെ മുന്‍ വാടകക്കാരിയായിരുന്നു റോസ്. റോസിന്റെ പേരിലെത്തുന്ന കത്തുകള്‍ എത്തിക്കുന്നതിനാണ് ആദ്യമായി അവരെ ഫെയ്സ്ബുക്കിലൂടെ തിരഞ്ഞു കണ്ടെത്തുന്നത്. അങ്ങനെ, കോഫിയില്‍ തുടങ്ങി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ബന്ധം വളരുകയായിരുന്നു.
മത്സരത്തിനിടെ വിവാഹാഭ്യര്‍ഥന നടത്തുന്നതിനു ദിപന്‍ ആഴ്ചകള്‍ക്കു മുന്‍പേ പദ്ധതിയിട്ടതാണെങ്കിലും വീട്ടുകാരെപ്പോലും വിവരം അറിയിച്ചിരുന്നില്ല. സിഡ്നി ക്രിക്കറ്റ് അധികൃതരോട് ആഗ്രഹം അറിയിച്ചപ്പോള്‍ അവര്‍ക്കു സമ്മതം. ‘ചേസിങ്ങിനിടെ 20 ഓവര്‍ പിന്നിട്ടാല്‍ ശുഭമുഹൂര്‍ത്തം! എല്ലാ ക്യാമറകളും നിങ്ങള്‍ക്കൊപ്പം’ അവര്‍ സമയം കുറിച്ചു. കളി കാണുകയായിരുന്നെങ്കിലും ആ നിമിഷം വരെ ദിപന്‍ തന്റെ അവസരത്തിനായി ഒരുങ്ങുകയായിരുന്നു.
റോസിന് വലിയ സര്‍െ്രെപസ് ആയെങ്കിലും അവരും അപൂര്‍വ നിമിഷം നന്നായി ആസ്വദിച്ചു. ഇന്ത്യയിലെത്തി ഇവിടുത്തെ രീതിയില്‍ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. റോസ് മെല്‍ബണില്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. സ്വകാര്യ കമ്പനിയില്‍ പ്രോജക്ട് ആന്‍ഡ് റിപ്പോര്‍ട്ടിങ് അനലിസ്റ്റാണ് ദിപന്‍ മണ്ഡല്യ.
കടുത്ത മത്സരത്തിനിടെ നിനയ്ക്കാതെയെത്തിയ പ്രണയ നിമിഷത്തെ പ്രോത്സാഹിപ്പിക്കാന്‍ ലൈവില്‍ കമന്റേറ്റര്‍ ആദം ഗില്‍ക്രിസ്റ്റും ബിഗ് സ്ക്രീനില്‍ ഇതു കണ്ടുനിന്ന ഓസീസ് താരം ഗ്ലെന്‍ മാക്സ്വെലും വരെ ഉണ്ടായിരുന്നു. റോസ് സമ്മതമറിയിച്ചതോടെ എല്ലാവരും ഹാപ്പി.