തിരുവനന്തപുരം :സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായതെന്ന് ഉമ്മൻ ചാണ്ടി . ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി.


നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി.

പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു .
പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. മുട്ടിലിഴഞ്ഞും യാചിച്ചും ഇന്നും സമരം ചെയ്തവരെ കാണാൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരവേദിയിൽ എത്തിയിരുന്നു. സമരക്കാരോട് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ കാലിൽ വീണ് അപേക്ഷിച്ചത് ഒരുവേള ഉമ്മന്‍ചാണ്ടിയെയും അമ്പരപ്പിച്ചു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. പിടിച്ച് എഴുന്നേൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു. രാഷ്ട്രീയ തന്ത്രം എന്ന ആക്ഷേപം ഉയർത്താൻ ശ്രമിക്കുമ്പോൾ മുൻപ് ഡിവൈഎഫ്ഐയും സിപിഎമ്മും ഇതേ ആവശ്യമുന്നയിച്ച് നടത്തിയ സമരങ്ങളും ഉദ്യോഗാര്‍ഥികളുടെ ഗ്രൂപ്പുകളും പ്രതിപക്ഷവും ചർച്ചയാക്കുകയാണ്.