ബെംഗളൂരു: കര്‍ണാടക ബി.ജെ.പിയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ ലക്ഷ്യമിട്ട് ഒരു വിഭാഗം വിമത നീക്കം ശക്തമാക്കിയതോടെ സര്‍ക്കാറും പ്രതിസന്ധിയിലേക്ക്. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇക്കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ നിന്ന് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചതായി വിമതര്‍ പറയുന്നു. എന്നാല്‍ യെദ്യൂരപ്പയെ അനുകൂലിക്കുന്നവര്‍ പ്രതിരോധവുമായി രംഗത്തെത്തി.

പാര്‍ട്ടിക്കുള്ളില്‍ കോണ്ടഗ്രസ് മനസ്സുമായി കഴിയുന്നവരാണ് യെദ്യൂരപ്പക്കെതിരെ തിരിയുന്നെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. ഇരു വിഭാഗവും ചേരി തിരിഞ്ഞ് വാഗ്വാദം തുടങ്ങിയതോടെ ഇത് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

യെദ്യൂരപ്പയെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സി.ടി രവി യത്‌നാല്‍ ആണ് വ്യക്തമാക്കിയത്. ബി.ജെ.പിയുടെ ഭൂരിപക്ഷം എം എല്‍ എമാരും ഉത്തര കര്‍ണാകടകയില്‍ നിന്നാണ്. അതുകൊണ്ട് മുഖ്യമന്ത്രിയും അവിടെ നിന്നായിരിക്കുമെന്നും പാര്‍ട്ടി പരിപാടിയില്‍ യത്‌നാല്‍ അവകാശപ്പെട്ടു.
എന്നാല്‍ വിമതപക്ഷത്തിന്റെ അവകാശവാദങ്ങളെ മുഖവിലക്കെടുക്കാതെയാണ് യെദ്യൂരപ്പ പക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസ് മനസ്ഥിതി ഉള്ളവരുടെ താത്പര്യം യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പ്രതികരിച്ചു. യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.