ന്യൂഡല്‍ഹി: രാജ്യത്ത് അലയടിക്കുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് ഭാരത ബന്ദ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരമാണ് ഇത്. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയാണ് ബന്ദ്. അതേസമയം കേരളത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഭാരത ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ തടസ്സപ്പെടുത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍ കേന്ദ്രം ഇപ്പോവും നിയമം പിന്‍വലിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.

അതേസമയം നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന കടുംപിടുത്തത്തിലാണ് കര്‍ഷകര്‍. താങ്ങുവില എടുത്ത് കളയുന്ന നയങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍, വ്യാപാര സംഘടനകള്‍, അഭിഭാഷക സംഘടനകള്‍ എന്നിവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉഉറപ്പ് വരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മണി വരെ പ്രതീകാത്മകമായ ബന്ദും കര്‍ഷകര്‍ നടത്തും. ഛക്ക ജാം എന്നാണ് ഇതിനെ വിളിക്കുന്നത്. സുപ്രധാന റോഡുകളെല്ലാം ഉപരോധിക്കാനാണ് തീരുമാനം. പതിനൊന്ന് മണിക്കാണ് ഇത് ആരംഭിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ബന്ദില്‍ നിന്ന് വ്യത്യസ്തമാണ് ഞങ്ങളുടേതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണിത്. സാധാരണക്കാരന് പ്രശ്‌നങ്ങളൊന്നും ഉണ്ടാവരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു.
13-ാം ദിവസത്തിലേക്കാണ് കര്‍ഷക സമരം കടക്കുന്നത്. ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ദില്ലിയുടെ അതിര്‍ത്തികള്‍ വളയും. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിഷേധത്തിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് കാരണമെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.