ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ രൂപം മാറുന്നു. ഡല്‍ഹി അതിര്‍ത്തിയിലെ സമരക്കാര്‍ പുതിയ ആഹ്വാനം നടത്തി. രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയാണ് റോഡ് ഉപരോധം. പ്രധാന റോഡുകളിലെ ഗതാഗതം തടയുകയാണ് ലക്ഷ്യം. തിങ്കളാഴ്ച ബജറ്റ് ദിനത്തില്‍ നേരത്തെ പാര്‍ലമെന്റ് മാര്‍ച്ച് തീരുമാനിച്ചിരുന്നെങ്കിലും റിപബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഇപ്പോള്‍ റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. മൂന്ന് സംഘടനകള്‍ സംയുക്ത സമര പരിപാടികളില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ പ്രമുഖ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് കൂടുതല്‍ കര്‍ഷകര്‍ സമര ഭൂമിയിലേക്കെത്തുകയാണിപ്പോള്‍. ഇതോടെയാണ് സമരം ശക്തിപ്പെട്ടത്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുപിയിലെ മുസഫര്‍ നഗറിലേതടക്കമുള്ള ജാട്ട് സമുദായക്കാരുടെ മഹാ പഞ്ചായത്ത് ചേരുകയും സമരത്തില്‍ പങ്കാളികളാകാന്‍ തീരുമാനിക്കുകയും ചെയ്തു.

നേരത്തെ ബി.ജെ.പിയെ പിന്തുണച്ചിരുന്ന കര്‍ഷകര്‍ വരെ സമരത്തിലേക്ക് ആകൃഷ്ടരാകുന്നതാണ് കാഴ്ച. തൊട്ടുപിന്നാലെയാണ് മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. എന്നാല്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ബജറ്റ് ദിനത്തിലും പുതിയ നിയമത്തിന്റെ ഗുണമാണ് സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞത്.
കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് സേവനം തടഞ്ഞിരിക്കുകയാണ്. വെള്ളവും വെളിച്ചവും നല്‍കുന്നില്ല. ഇതിനെതിരെയും പ്രതിഷേധം നിലനില്‍ക്കുകയാണ്. കര്‍ഷകരെ അവഗണിച്ച ബജറ്റാണ് ഇത്തവണത്തേത് എന്ന് നേതാക്കള്‍ പ്രതികരിച്ചു.