കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു മുദ്രാവാക്യം. നേതാക്കള്‍ ഇടപെട്ട് പിന്നീട് മുദ്രാവാക്യം വിളി ഒഴിവാക്കി.


പിസി ജോര്‍ജിന്റെ മുന്നണി പ്രവേശന സാധ്യതകളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായ ഈരാറ്റുപേട്ടയില്‍ എത്തിയത്.

ഇതിനിടയിലാണ് ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിയും ഉയര്‍ന്നത്. നേരത്തെ സ്വാഗത പ്രാസംഗനും യോഗത്തിന്റെ അധ്യക്ഷനും ജോര്‍ജിനെതിരെ തങ്ങളുടെ പ്രസംഗത്തില്‍ ആഞ്ഞടിച്ചിരുന്നു. സ്വാഗത പ്രസംഗം നടത്തിയ പിഎസ് അബ്ദുല്‍ ഖാദര്‍, അധ്യക്ഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇല്ല്യാസുമാണ് ജോര്‍ജിനെ മുന്നണിയില്‍ വേണ്ടെന്നു പ്രസംഗിച്ചത്.
മറുപടി പ്രസംഗത്തില്‍ പൂഞ്ഞാറിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനിടെ ജോര്‍ജിന്റെ മുന്നണി പ്രവേശന സാധ്യതകള്‍ മങ്ങുകയാണ്.
ജോര്‍ജുമായി ചര്‍ച്ച നടത്താന്‍ ധാരണയായിരുന്നെങ്കിലും അതു വേണ്ടെന്നു വച്ചിട്ടുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസിലെ ഐ വിഭാഗം ജോര്‍ജിന്റെ പ്രവേശനത്തിന് അനുകൂലമാമ്. ജോര്‍ജിനെ യുഡിഎഫ് സ്വതന്ത്രനാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ എ ഗ്രൂപ്പാകട്ടെ ജോര്‍ജിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്.