കണ്ണൂര്‍: തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഴീക്കോട് എം.എല്‍.എ കെ.എം ഷാജി പൊലീസിന് നല്‍കിയ ഫോണ്‍ സംഭാഷണം തേജസിന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഭീഷണി നടത്തിയ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി തേജസ് ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ തേജസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

ഫോണ്‍ സംഭാഷണം മകന്റേത് തന്നെയാകാനാണ് സാധ്യതയെന്ന് തേജസിന്റെ പിതാവ് കുഞ്ഞിരാമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയില്‍ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും മകന് ബന്ധമില്ല. മദ്യ ലഹരിയില്‍ അബദ്ധത്തില്‍ ഫോണ്‍ ചെയ്തതാണെന്നാണ് കരുതുന്നത്. തേജസിനെ കുടുക്കാനായി ചിലര്‍ മനപൂര്‍വ്വം സംഭാഷണം ചോര്‍ത്തിയതാകാന്‍ വഴിയുണ്ട്. സംഭാഷണം പുറത്തായതിന് പിന്നാലെ തേജസ് വീട്ടില്‍ നിന്ന് പോയി. ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. മകന്‍ സിപിഐഎം അനുഭാവിയാണെന്നും കുടുംബം പറഞ്ഞു.

തന്നെ വധിക്കാന്‍ 25 ലക്ഷം രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നും മുബൈയില്‍ നിന്നുള്ള അധോലോക ഗുണ്ടാ സംഘത്തിനെയാണ് കൊട്ടേഷന്‍ ഏല്‍പിച്ചിരിക്കുന്നതെന്നും കെ എം ഷാജി ആരോപിച്ചിരുന്നു. ശബ്ദരേഖ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഷാജി പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണം ഇമെയിലില്‍ ആണ് അയച്ചുകിട്ടിയതെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായി ഇത് ചോര്‍ന്നതാകാമെന്നും ലീഗ് എംഎല്‍എ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.