കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് രണ്ടാം ദിനം ചോദ്യം ചെയ്തത് 15 മണിക്കൂറിലേറെ നേരം. ബുധനാഴ്ച രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ 1.45നാണ് അവസാനിച്ചത്. ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം ഇനിയും തൃപ്തരല്ല. പത്ത് ദിവസത്തിനകം കൂടുതല്‍ രേഖകളുമായി ഷാജി വീണ്ടും ഹാജരാകണം.

ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും ആത്മവിശ്വസമുണ്ടെന്നും ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ദിവസത്തിനകം ചില രേഖകള്‍ ഹാജരാക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ചോദ്യാവലി തയ്യാറാക്കിയാണ് ഇ ഡി ഷാജിയെ ചോദ്യം ചെയ്യുന്നത്. പ്ലസ്ടു കോഴക്ക് പുറമെ, ആഡംബര വീട് നിര്‍മാണം, വിദേശയാത്ര വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വവരങ്ങള്‍ തുടങ്ങിയവ ഷാജിയോട് ആരാഞ്ഞതായാണ് അറിയുന്നത്.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് മാലൂര്‍ കുന്നില്‍ നിര്‍മിച്ച ആഡംബര വീടിനെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. പ്ലസ്ടു കോഴ വാങ്ങിയെന്ന് പറയുന്ന കാലഘട്ടത്തിലായിരുന്നു ഈ വീട് നിര്‍മിച്ചത്. ഷാജിയുടെ പേരിലുള്ള മറ്റു സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
വീടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷനാണ് ഇ ഡിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാലു വര്‍ഷം മുമ്പ് ഷാജി നിര്‍മിച്ച വീട് കോര്‍പറേഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലാണ് വീട് നിര്‍മിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 27 ന് കോര്‍പറേഷന്‍ അധികൃതര്‍ ഇഡിക്ക് മുമ്പാകെ സമര്‍പ്പിച്ചിക്കുകയായിരുന്നു. കോഴ വിവാദത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും ഇ ഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.